ഭാര്യയുമായി വഴക്ക്; രണ്ട് വയസ്സുകാരനെ മൂന്നുനില വീടിന്റെ ബാൽക്കെണിയിൽ നിന്ന് പിതാവ് താഴേക്ക് വലിച്ചെറിഞ്ഞു

ന്യൂഡല്‍ഹി: ഭാര്യയുമായി വഴക്കിടുന്നതിനിടെ രണ്ട് വയസുള്ള മകനെ മൂന്നാംനിലയുടെ ബാല്‍ക്കണിയില്‍നിന്ന് പിതാവ് താഴേക്കെറിഞ്ഞു. ന്യൂഡല്‍ഹിയിലെ കല്‍ക്കാജിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മന്‍ സിങ് എന്നയാളാണ് ഭാര്യ പൂജയുമായി വഴക്കിടുന്നതിനിടെ രണ്ട് വയസുള്ള മകനോട് ക്രൂരതകാട്ടിയത്. രണ്ട് വയസുകാരനെ താഴേക്ക് എറിഞ്ഞശേഷം മൂന്നാംനിലയില്‍നിന്ന് ചാടിയ മന്‍ സിങ്ങിനും പരിക്കേറ്റിട്ടുണ്ട്.

രണ്ടുപേരെയും ഗുരുതര പരിക്കുകളോടെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ വഴക്കിനെത്തുടര്‍ന്ന് മന്‍ സിങ്ങും ഭാര്യ പൂജയും ഏറെനാളായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. കല്‍ക്കാജിയിലുള്ള മുത്തശ്ശിയുടെ വീട്ടിലാണ് രണ്ട് മക്കളുമായി പൂജ രണ്ട് മാസമായി താമസിക്കുന്നത്. കഴിഞ്ഞ ദിവസം പൂജയെ കാണാന്‍ മന്‍സിങ് അവിടെ എത്തിയതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. വാഗ്വാദത്തിനിടെ രണ്ട് വയസുള്ള മകനെ എടുത്ത് മന്‍സിങ് താഴെ കോണ്‍ക്രീറ്റ്‌ചെയ്ത കെട്ടിട ഭാഗത്തേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ അയാളും താഴേക്ക് എടുത്തുചാടിയെന്നാണ് പോലീസ് പറയുന്നത്.

മന്‍സിങ് മദ്യപിച്ച് എത്തിയാണ് വഴക്കുണ്ടാക്കിയതെന്ന് പൂജയുടെ മുത്തശ്ശി ആരോപിച്ചു. മന്‍ സിങ്ങിനെതിരെ പോലീസ് വധശ്രമത്തിന്‌ കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News