കണ്ണൂർ: പ്രമുഖ മലയാളം വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. അൾട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
വാൻ ആർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുടർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാർ കണ്ണൂർ ആർടിഒ ഓഫീസിലേക്ക് എത്തി. ഒടുവിൽ വ്ലോഗർമാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് തർക്കമാവുകയും തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ തകർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കാരവാന്‍ ആക്കുമ്പോള്‍ നല്‍കേണ്ട ആഡംബര നികുതി അടച്ചിട്ടില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. ആദ്യം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്ത ശേഷം വണ്ടി തിരികെ കൊണ്ടുവന്നിരുന്നു. എന്നാല്‍ ശനിയാഴ്ച്ച വീണ്ടും ഉദ്യോഗസ്ഥര്‍ എത്തി വാഹനം കസ്റ്റഡിയില്‍ എടുക്കുകയായരുന്നു. ഇതോടെ തങ്ങളെ ചതിച്ചെന്ന് ആരോപിച്ചു വീഡിയോയുമായി ഇബുള്‍ ജെറ്റിലെ സഹോദരങ്ങള്‍ രംഗത്തുവന്നു.
സ്വന്തം കേരളം ഞങ്ങളെ ചതിച്ചു.. ഒരക്ഷരം പോലും എംവിഡിക്കെതിരെ പറയാത്ത ഞങ്ങളെ ചതിച്ചു.. ഞാന്‍ മരിക്കും ഉറപ്പാണ് എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഇബുളില്‍ എബിന്‍ യുട്യൂബില്‍ രംഗത്തുവന്നിരിക്കുന്നത്. അതേസമയം വാഹനത്തില്‍ നിരവധി നിയമലംഘനങ്ങള്‍ ഉണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പു ഉദ്യോഗസ്ഥര്‍ പറയുന്നത്. കാരവാനാക്കി മാറ്റുമ്പോള്‍ ആഡംബര നികുതിയാണ് നല്‍കേണ്ടത്. ഇത് അടച്ചിട്ടില്ലെന്നും വാഹനം നവീകരിച്ചപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പു ചൂണ്ടിക്കാട്ടുന്നത്.
അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി ഇ ബുള്‍ ഉണ്ടാകില്ലെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. എല്ലാം നിര്‍ത്തുകയാണെന്നാണ് അവര്‍ പറയുന്നത്.
പോസ്റ്റ് ഇങ്ങനെ:
ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വര്‍ഷങ്ങളോളം എടുക്കും പക്ഷേ ആ സ്വപ്നം ഇല്ലാതാക്കാന്‍ ഒരു സ്റ്റേ യോ ഒരു പരാതിയോ മതി എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി മടുത്തു ഇനി ഈ നാട്ടില്‍ ഇല്ല E BULL JET എല്ലാം നിര്‍ത്തുന്നു Napoleon കയ്യില്‍ നിന്ന് പോയപ്പോള്‍ എന്തോ ഒരു വിഷമം ഇത്രയും നാള്‍ പിടിച്ച വളയം കയ്യില്‍ നിന്ന് പോയപ്പോള്‍ ഉള്ള വിഷമം അത് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല ഇത്രയും നാള്‍ ഞാന്‍ എന്റെ നാടിനു വേണ്ടി സംസാരിച്ചു എല്ലാം നേരിട്ട് അനുഭവിച്ചപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ ദുഃഖം അത് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത രീതിയിലായി ജീവിതം ഒന്നേയുള്ളൂ അതും കുറച്ചു നിമിഷങ്ങള്‍ മാത്രം ഒരു പുതിയ യാത്രാ രീതി തുടങ്ങി വിജയിപ്പിച്ചു ഇനി അത് അവസാനിപ്പിച്ചതായി എല്ലാരോടും അറിയിക്കുന്നു ഇനി ഞങ്ങള്‍ ഉണ്ടാകുന്നതല്ല E BULL JET ഉണ്ടാകുന്നതല്ല.
വീടിന്റെ ആധാരം പണയം വച്ച് രാജ്യം ചുറ്റാനിറങ്ങിയ കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങളെന്ന നിലിയിലാണ് എബിനെയും ലിബിനെയും മലയാളികള്‍ക്ക് പരിചയമായത്. വാനില്‍ ജീവിക്കുക എന്ന സങ്കല്‍പം യഥാര്‍ഥ്യമാക്കിയ ഇ ബുള്‍ ജെറ്റ് എന്ന യാത്രാസംഘത്തിന്റെ പുതിയ വാഹനത്തിന്റെ വിശേഷങ്ങള്‍ കാണാം. യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് കോവിഡിനെ പേടിക്കാതെ വാന്‍ലൈഫ് മാതൃകയാക്കാം എന്ന് പറഞ്ഞ് മലയാളിയുടെ മനസിലേക്ക് കയറിയ സഹോദരങ്ങളാണ് എബിനും ലിബിനും. രാജ്യം ഒരുവിധം ചുറ്റിക്കറങ്ങിയ ഇവര്‍ യൂടൂബിലൂടെയുള്ള വരുമാനം കൊണ്ടാണ് പുതിയ വണ്ടി സ്വന്തമാക്കിയത്. സിനിമതാരങ്ങളിലൂടെ മാത്രം നമുക്ക് പരിചിതമായ കാരവാനിലാണ് ഇപ്പോള്‍ ഇവരുടെ വീട്.
ശുചിമുറി ,രണ്ടുപേര്‍ക്ക് വിശാലമായി കിടക്കാനുള്ള കിടപ്പുമുറി ഉള്‍പ്പടെ എല്ലാം സജ്ജം. ഭക്ഷണ പാചകം ചെയ്യാനും മറ്റെവിടെയും പോകേണ്ട ഇരുപത്തിയഞ്ചു വയസില്‍ താഴെ മാത്രം മാത്രമുള്ള ഈ സഹോദരങ്ങള്‍ യാത്രകളുടെ പുതിയ പാതവെട്ടിതുറന്നപ്പോള്‍ കോവിഡ് പോലും വില്ലനായില്ല. കേരളം അങ്ങോളം ഇങ്ങോളം നിരവധി ആരാധകരാണ് ഈ ചെറുപ്പക്കാര്‍ക്ക്. ഇവരാണ് ഇപ്പോള്‍ നികുതി പ്രശ്നത്തില്‍ കുടുങ്ങിയിരിക്കുന്നത്.