കണ്ണൂര്‍:യൂട്യൂബ് വ്ലോഗര്‍മാരായ ഇബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ ഇവരുടെ 17 ആരാധകരും പോലീസ് പിടിയില്‍. നിയമലംഘനങ്ങള്‍ക്ക് പ്രേരിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയതത്. യൂട്യൂബര്‍മാരുടെ വാന്‍ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞാണ് രാവിലെ മുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസ് പരിസരത്ത് കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ തടിച്ചു കൂടിയത്. തുടര്‍ന്ന് ആര്‍ടിഒ ഓഫീസിന് മുന്നില്‍ സംഘര്‍ഷമുണ്ടാക്കിയതിന് ഇബുള്‍ജെറ്റ് സഹോദരങ്ങള്‍ എന്ന് അറിയപ്പെടുന്ന ലിബിന്‍, ഇബിന്‍ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തങ്ങളുടെ വാഹനം കസ്റ്റഡിയിലെടുത്ത വിവരം വ്ലോഗര്‍മാര്‍ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നാണ് ഇവര്‍ കണ്ണൂരിലെ ഓഫീസില്‍ എത്തുന്ന വിവരം പോലീസ് അറിഞ്ഞത്.
സിവില്‍ സ്‌റ്റേഷന്‍ പരിസരത്തെ കെട്ടിട സമുച്ചയത്തിന് ഇടയിലുള്ള ഭാഗത്തായിരുന്നു വാഹനം നിര്‍ത്തിയിരുന്നത്. ഇവിടെയെത്തി വാഹനത്തിനൊപ്പം ആരാധകര്‍ സെല്‍ഫിയെടുക്കുന്നുണ്ടായിരുന്നു. കൂടാതെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
മോട്ടര്‍ വാഹന വകുപ്പിന്റെ ഓഫിസിനുള്ളില്‍ വ്ലോഗര്‍മാര്‍ ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കാനും ലൈവ് വീഡിയോ ചിത്രീകരിക്കാനും തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. ഇതിനിടെ ഓഫിസിലെ കംപ്യൂട്ടറുകളിലൊന്നിന്റെ മോണിറ്റര്‍ യൂട്യൂബര്‍മാരുടെ കൈതട്ടി തറയില്‍ വീഴുകയും ചെയ്തു. ലൈവ് വീഡിയോ കണ്ട് നിരവവധി പേര്‍ സ്ഥലത്തേയ്‌ക്ക് എത്തിയതോടെ സംഭവത്തില്‍ പോലീസ് ഇടപെടുകയായിരുന്നു. പോലീസിനെതിരേ കലാപാഹ്വാനം നടത്തിയെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കൊറോണ മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇവരില്‍ 17 പേരെ അറസ്റ്റു ചെയ്തു.
അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സമൂഹ മാദ്ധ്യമങ്ങളില്‍ പോലീസിനെതിരെയും മോട്ടര്‍ വാഹന വകുപ്പിനെതിരെയും വ്‌ലോഗര്‍മാരുടെ ആരാധകര്‍ നടത്തിയ പ്രചാരണം സൈബര്‍ സെല്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. കേരളം കത്തിക്കും, പോലീസിന്റെയും മോട്ടര്‍ വാഹന വകുപ്പിന്റെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളും ഇവര്‍ നടത്തുന്നുണ്ട്.