പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലപാതക കേസ് അന്വേഷിക്കുന്ന
ഡിവൈഎസ്‍പിക്ക് വധഭീഷണി. നര്‍ക്കോട്ടിക്ക് ഡിവൈഎസ്‍പി അനില്‍ കുമാറിനെതിരെയാണ് ഭീഷണി. വിദേശത്ത് നിന്നും ഇന്നലെ രാത്രി ഒൻപതരക്കാണ് ഭീഷണി കോളെത്തിയത്. ‘ശവപ്പെട്ടി തയ്യാറാക്കി വെച്ചോളു’ എന്നായിരുന്നു ഫോണിലൂടെ എത്തിയ ഭീഷണി. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഭീഷണി.
അതേസമയം ശ്രീനിവാസന്‍ കൊലപാതക കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. പിഎഫ്ഐ ഏരിയ പ്രസിഡൻ്റ് അൻസാർ, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. കേസില്‍ എസ്‍ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീർ അലിയെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, തെളിവ് നശിപ്പിക്കൽ കുറ്റത്തിനാണ് അമീര്‍ അലിയെ അറസ്റ്റ് ചെയ്തത്.
ശ്രീനിവാസൻ കൊലപാതകത്തിന് തലേദിവസവും അതേദിവസവും പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ അമീർ അലി മുഖ്യപങ്ക് വഹിച്ചതായി കണ്ടെത്തിയിരുന്നു. ഈ വർഷം ഏപ്രിൽ 16 ന് ആയിരുന്നു മേലാമുറിയിലെ കടയിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്.