ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായിരുന്ന പുതുപ്പള്ളി പത്തിശേരി സ്വദേശി അമ്പാടി (21) യെ ക്രിമിനൽ ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
യുവാവിനെ നാലംഗ സംഘം നടുറോഡിലിട്ടാണ് ആക്രമിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും സിപിഎമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
കൊല്ലപ്പെട്ട അമ്പാടിയുടെ ദേവികുളങ്ങരയിലുള്ള വീട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. തങ്ങളുടെ മകനെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പിതാവ് സന്തോഷും മാതാവ് ശകുന്തളയും ഗോവിന്ദൻനോട് അപേക്ഷിച്ചു. ശക്തമായ നടപടി ഉണ്ടാകുമെന്ന് അവർക്ക് ഗോവിന്ദൻ ഉറപ്പുനൽകി.
അമ്പാടിയുടെ സഹോദരനെയും മറ്റുബന്ധുക്കളെയും സന്ദർശിച്ച ഗോവിന്ദൻ വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് സിപിഎം കായംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയ ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടു. അമ്പാടിയുടെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു.
ആർഎസ്എസ് ആണ് കൊലപാതകത്തിന് പിന്നിൽ. കഞ്ചാവ് കൊട്ടേഷൻ സംഘങ്ങൾ ആർഎസ്എസിൽ വലിയതോതിൽ ഉണ്ട്. ഡിവൈഎഫ്ഐക്കാരനായതുകൊണ്ട് മാത്രമാണ് അമ്പാടി കൊല്ലപ്പെട്ടതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.