തിരുവനന്തപുരം: ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.
ആധുനിക പുരോഗമന സമൂഹത്തിന്റെ അടിസ്ഥാന മൂല്യമാണ് ലിംഗ സമത്വം. പുരുഷന്‍,സ്ത്രീ, ട്രാന്‍സ്‌ജെന്റര്‍, ട്രാന്‍സ് സെക്ഷ്വല്‍ അടക്കമുള്ള ലിംഗ പദവികള്‍ ദൈനംദിന വ്യവഹാരത്തില്‍ ഇടപെടുന്ന ഈ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപോലെ സൗകര്യപ്രദമായ ഒരു വസ്ത്രം യൂണിഫോമായി നല്‍കുക എന്നത് പ്രശംസനീയമായ കാര്യമാണെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
സാമൂഹിക പുരോഗത്തിയാര്‍ജിച്ച ലോക സമൂഹങ്ങളില്‍ യൂണിഫോമുകളില്‍ ഈ രീതി നമുക്ക് കാണാന്‍ കഴിയും. കേരളത്തില്‍ തന്നെ പൊലീസ് സേനയിലെ പുരുഷന്‍മാരുടേയും, സ്ത്രീകളുടെ യൂണിഫോം സൗകര്യപ്രദമായി പരിഷ്‌കരിച്ചിട്ടുണ്ട്. പാന്റ്‌സും ഷര്‍ട്ടും അടങ്ങുന്ന ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം മത വിരുദ്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമുള്ള പ്രചരണം നിക്ഷിപ്ത താല്പര്യങ്ങളുടേതാണ്. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇതേ രീതിയിലുള്ള യൂണിഫോമുകള്‍ ഉപയോഗിക്കുന്നുണ്ട്.
ഈ മാറ്റം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സൗകര്യപ്രദമായെന്നതിന്റെ തെളിവാണ് വാര്‍ത്താ ചാനലുകളില്‍ കണ്ട വിദ്യാര്‍ത്ഥിനികളുടെ പ്രതികരണങ്ങള്‍ ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ ഡി. വൈ.എഫ്.ഐ സ്വാഗതം ചെയ്യുന്നുവെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ അറിയിച്ചു.