കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടഞ്ഞുള്ള പ്രതിഷേധത്തിനെതിരേ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന് എല്ലാ സംരക്ഷണവും നല്‍കുമെന്ന് ഡിവൈഎഫ്‌ഐ. പ്രതികരിക്കാനുളള അവകാശം എല്ലാവര്‍ക്കും ഉണ്ട്. വഴിതടഞ്ഞുള്ള സമരം ചോദ്യം ചെയ്തതിന് വാഹനം അടിച്ചു തകര്‍ത്ത രീതി ശരിയല്ല.
യൂത്ത് കോണ്‍ഗ്രസിന് ഫാസിസ്റ്റ് സമീപനമാണെന്നും ജോജുവിന്റെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഡിവൈഎഫ്‌ഐ തയാറാണെന്നും തൃശൂര്‍ ജില്ലാ സെക്രട്ടറി പി.വി അനൂപ് പറഞ്ഞു. ജോജുവിന്റെ വാഹനം അടിച്ചു തകര്‍ത്തത് ഉള്‍പ്പടെയുള്ള കേസില്‍ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പ്രതി ചേര്‍ത്തേക്കുമെന്നാണ് വിവരം.
ജോജുവിന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തുന്നുണ്ട്. സംഭവ സ്ഥലത്തു നിന്നും ശേഖരിച്ച ചിത്രങ്ങളും ദൃശ്യങ്ങളും താരത്തിന് അയച്ചു നല്‍കി അക്രമിച്ചവരെ തിരിച്ചറിയാന്‍ കഴിയുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
അതേസമയം ജോജുവിനെതിരേ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടപടി തുടങ്ങിയില്ല. പരാതിക്കാരുടെ മൊഴി പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പോലീസ് ഏകപക്ഷീയമായി പ്രവര്‍ത്തിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് എറണാകുളം ഡിസിസി അറിയിച്ചിട്ടുണ്ട്.