പാലക്കാട്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. യുഡിഎഫ് ഭരിക്കുന്ന പിരായിരി പഞ്ചായത്തില്‍ റോഡ് ഉദ്ഘാടന പരിപാടിക്ക് എത്തിയതായിരുന്നു രാഹുല്‍. ഉദ്ഘാടനസ്ഥലത്തേക്കുള്ള വഴിയില്‍വെച്ച് എംഎല്‍എയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു.
കടുത്ത പ്രതിഷേധത്തെ മറികടന്ന് രാഹുല്‍ ഉദ്ഘാടനവേദിയിലെത്തിയപ്പോള്‍ തോളിലേറ്റിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആനയിച്ചത്. ശേഷം അദ്ദേഹം റോഡ് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഇതിന് പിന്നാലെയും യുഡിഎഫ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തോളിലേറ്റി.
പരിപാടി നടക്കേണ്ട സ്ഥലത്തിന് നൂറ് മീറ്റര്‍ മുന്‍പില്‍വെച്ചായിരുന്നു പ്രതിഷേധം. അതിനിടെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ വിവരം അറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇവര്‍ എംഎല്‍എയുടെ വാഹനത്തിന് സംരക്ഷണം ഒരുക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ്, പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ എടുത്ത് നീക്കംചെയ്യാന്‍ ശ്രമിച്ചു. അതിനിടെ ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയിരുന്നു.
പലപ്പോഴും സംസ്ഥാന സര്‍ക്കാര്‍, എന്തുകൊണ്ടൊക്കയോ പാലക്കാട് എംഎല്‍എയോട് പ്രത്യേക ഇഷ്ടമുള്ളതുകൊണ്ടായിരിക്കണം ബാക്കി 139 എംഎല്‍എമാര്‍ക്ക് കൊടുക്കുന്ന ഫണ്ട് ഇവിടെ തരാറില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ രാഹുല്‍ പറഞ്ഞു. നവകേരള സദസ്സിന്റെ ഫണ്ട് വിതരണം വന്നപ്പോള്‍ കേരളത്തിലെ എല്ലാ എംഎല്‍എമാര്‍ക്കും ചുരുങ്ങിയത് ഏഴുകോടി വീതം കൊടുത്തു. പക്ഷേ പാലക്കാട് എംഎല്‍എയ്ക്ക് മാത്രം 5.10 കോടിയാണ് തന്നത്. നമുക്ക് പരാതിയില്ല, പരിഭവങ്ങളില്ല. ആ 5.10 കോടിരൂപ പിരായിരി പഞ്ചായത്തിനെ മുഴുവന്‍ കവറ് ചെയ്യുന്ന പാതയ്ക്ക് വേണ്ടിയാണ് മാറ്റിവെച്ചതെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഈ നാട്ടിലെ ജനങ്ങള്‍ പതിനെട്ടായിരത്തിലധികം വോട്ടുകള്‍ക്ക് പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് എളിയവനായ എന്നെ വിജയിപ്പിച്ചത് ഈ നാട്ടില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണെങ്കില്‍ ആരെല്ലാം എന്തെല്ലാം പ്രതിസന്ധിയുണ്ടാക്കിയാലും ഏത് പ്രതിബന്ധമുണ്ടാക്കിയാലും ആ പ്രതിസന്ധികളെയും പ്രതിബന്ധത്തെയും അതിജീവിച്ച് ഈ നാട്ടില്‍ വികസനപ്രവര്‍ത്തനം കൊണ്ടുവന്നിരിക്കും എന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നും രാഹുല്‍ പറഞ്ഞു.


