മൂന്നാർ: ഡി.വൈ.എഫ്.ഐ. നേതാവിന്റേതെന്ന പേരിൽ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വീഡിയോ വ്യാജമായി നിർമിച്ചതാണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നേതാവ് പോലീസിൽ പരാതി നൽകി. ദൃശ്യങ്ങൾക്ക് പിന്നിൽ തട്ടിപ്പ് സംഘമെന്ന് സംശയം. സി.പി.എം. മൂന്നാർ ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗവുമായ യുവാവിന്റേതെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്.
അജ്ഞാത നമ്പരിൽ നിന്ന് ഒരു സ്ത്രീ വീഡിയോ കോൾ ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് പരാതി. കോൾ അറ്റന്ഡ് ചെയ്തപ്പോൾ ഇവർ നഗ്നയായിരുന്നുവെന്നും കണ്ടയുടൻ തന്നെ താൻ ഫോൺ കട്ടു ചെയ്തെന്നും നേതാവ് പറയുന്നു. പീന്നീട് തന്റെ ദൃശ്യം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.
രാഷ്ട്രീയ എതിരാളികളാണ് ഇതിനു പിന്നിലെന്നും സൈബർ സെല്ലിന്‍റെ സഹായത്തോടെ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇയാൾ മൂന്നാർ എസ്.എച്ച്.ഒയ്ക്ക് പരാതി നൽകിയിരിക്കുന്നത്. ദേശീയപാതയോരത്ത് നിന്നും വാക്സിൻ ചലഞ്ച് എന്ന പേരിൽ രണ്ടു മാസം മുൻപ് ഇരുമ്പു സാമഗ്രികൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ ആരോപണ വിധേയനാണ് ഈ യുവ നേതാവ്. ഇതിന്റെ പേരിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തു നിന്നും ഇയാളെ പാർട്ടി നീക്കം ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങൾ വഴി നഗ്നത പ്രദർശനം വഴിയുള്ള തട്ടിപ്പുകൾ വ്യാപകമാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ള തട്ടിപ്പു സംഘങ്ങളാണ് ഇതിനു പിന്നിൽ. രാത്രി സമയങ്ങളിൽ വീഡിയോ കോളിൽ വിളിച്ച്. സ്ത്രീകളുടെ നഗ്നത കാട്ടി യുവാക്കളെ പ്രലോഭിപ്പിച്ച് ലൈംഗിക ചേഷ്ടകൾ നടത്തിക്കും. ഇവ റൊക്കോർഡ് ചെയ്ത ശേഷം ബന്ധുക്ൾക്കും നാട്ടുകാർക്കും അയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘത്തിന്റെ ലക്ഷ്യം. നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടമായിട്ടുണ്ട്.നാണക്കേട് ഓർത്ത് മിക്കവരും പരാതി നൽകാറില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ, മൂന്നാർ മനേഷ് .കെ.പൗലോസ് പ്രതികരിച്ചു.