കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈഎഫ്ഐ വിതരണം ചെയ്ത ഒരു പൊതി ചോറിനൊപ്പം മാനവ സ്നേഹവുമുണ്ടായിരുന്നു. ഇതുവരെ കാണാത്തൊരാൾക്കായി ഒരമ്മ മകളുടെ പിറന്നാൾ സമ്മാനമായി കരുതിവെച്ച സ്‌നേഹമായി പണവും അതിലുണ്ടായിരുന്നത്. സഹോദരങ്ങളെ കനിവോടെ അന്നമൂട്ടിയ അമ്മയും മകളും ഓർക്കാട്ടേരിക്കാരാണെന്ന് കണ്ടെത്തി.
ഓർക്കാട്ടേരി കുറിഞ്ഞാലിയോട് കൃഷ്‌ണോദയയിൽ രാജിഷയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മെഡി. കോളേജിൽ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിക്കൊപ്പം മകൾ ഹൃദ്യയുടെ പിറന്നാൾ സമ്മാനമായി ചെറിയൊരു തുകയും കുറിപ്പും ചേർത്തുവെച്ചത്. 3216 പൊതിച്ചോറുകളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളവർക്ക് എത്തിച്ചത്. മടങ്ങുമ്പോഴാണ് ഒരു യുവാവ് കയ്യിലൊരു കുറിപ്പും ഇരുനൂറ് രൂപയുടെ നോട്ടുമായി ചോർ വിതരണം ചെയ്ത ഓർക്കാട്ടേരി മേഖലയിലെ
ഡിവൈഎഫ്ഐ പ്രവർത്തകരെ സമീപിച്ചത്.
‘അറിയപ്പെടാത്താ സഹോദരാ/സഹോദരീ, ഒരു നേരത്തെ ഭക്ഷണം തരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ/ബന്ധുവിന്റെയോ അസുഖം പെട്ടെന്ന് ഭേദമാകാൻ ഞങ്ങൾ പ്രാർഥിക്കാം. നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.. ഈ തുകകൊണ്ട് നിങ്ങൾക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാൻ കഴിയുമെങ്കിൽ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാളാണ്’ – എന്നായിരുന്നു ആ കുറിപ്പിൽ.
പ്രവർത്തകർ ഈ കത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ കുറിപ്പ് വൈറലായി. അങ്ങനെയാണ് പ്ലസ്‌വൺ വിദ്യാർഥിയായ ഹൃദ്യയെയും അമ്മ രാജിഷയും കണ്ടെത്തുന്നത്. തുടർന്ന് ഡിവൈഎഫ്ഐ നേതാവ്. എസ്കെ. സജീഷും പ്രവർത്തകരും ഹൃദ്യയ്ക്ക് പിറന്നാൾ സമ്മാനവും കേക്കുമായി വീട്ടിലെത്തി ആഹ്ളാദം പങ്കുവെച്ചു.