KeralaNews

K rail Silverline|ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ വീട് കയറി പ്രചാരണത്തിന് തുടക്കമിട്ട് ഡിവൈഎഫ്ഐ,പ്രതിഷേധങ്ങളിൽ മറുപടി നൽകാതെ യച്ചൂരി

കൊച്ചി:കെ റയിലിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ വീട് കയറി പ്രചാരണത്തിന് തുടക്കമിടാൻ ഡിവൈഎഫ്ഐ. കണ്ണൂരിൽ വീടുകൾ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. ജനസഭാ സദസ്സ് സംഘടിപ്പിച്ച് ചോറ്റാനിക്കരയിലും ഡിവൈഎഫ്ഐ പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ്. ‘കെ റയിൽ വരണം, കേരളം വളരണം’ എന്ന ടാഗ് ലൈനോടെയാണ് പ്രതിരോധപ്രചാരണം.

കെ റയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാർട്ടിയെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ രംഗത്തെത്തിയത്. വീടുകൾ കയറിയിറങ്ങി സിൽവർലൈൻ നാടിന് ആവശ്യമെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കുമെന്നും നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളിൽ ജനങ്ങളിലെ ആശങ്കകൾ പരിഹരിക്കുമെന്നും ഡിവൈഎഫ്ഐ സെക്രട്ടറി വി കെ സനോജ് പറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്ന ബാധിത പ്രദേശങ്ങളിലെ മുഴുവൻ വീടുകളും കയറിയിറങ്ങി ലഘുലേഖകളും വിതരണം ചെയ്യാനാണ് തീരുമാനം. കണ്ണൂർ ജില്ലയിൽ കെ-റയിൽ പ്രതിഷേധം രൂക്ഷമായ പയ്യന്നൂർ, തളാപ്പ്, മാടായി പ്രദേശങ്ങളിൽ നേതാക്കൾ നേരിട്ടെത്തി സാഹചര്യങ്ങൾ വിശദീകരിക്കും.

പ്രവർത്തകർ നേരിട്ടെത്തുമ്പോഴും വീട് പോകുന്നതിൽ ജനങ്ങളിൽ ആശങ്കയുണ്ട്. അതെങ്ങനെ പാർട്ടി പ്രതിരോധിക്കും? കെ റയിലിനെതിരെ ശക്തമായ സമരം നടക്കുന്ന ചോറ്റാനിക്കരയിൽ ജനസദസ്സ് രൂപീകരിച്ചാണ് പ്രതിരോധം. സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷിന്‍റെ നേതൃത്വത്തിൽ ആണ് പദ്ധതി വിശദീകരണം നടന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ പ്രദേശത്തും വീടുകൾ കയറി ഇറങ്ങാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.

വികസനപദ്ധതിയെ തകർക്കാൻ കല്ലുവച്ച നുണകൾ പ്രചരിപ്പിക്കുകയാണെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്‍റ് ജനസഭയിൽ എസ് സതീഷ് പറയുന്നത്. ”കോൺഗ്രസും ബിജെപിയും തെറ്റായ പ്രചാരണം നടത്തുന്നു. ചില മാധ്യമങ്ങളും ഇതിന് കൂട്ട് നിൽക്കുന്നു. കുഞ്ഞുങ്ങളെ അടക്കം സമരത്തിൽ കവചമാക്കുന്നു. അത് ശരിയാണോ? മണ്ണെണ്ണയും തീപ്പെട്ടിക്കൊള്ളിയും അടക്കം കൊണ്ടുവന്നാണ് സമരം നടത്തുന്നത്. അപകടം സംഭവിച്ചാൽ എന്ത് സംഭവിക്കും? എന്തും ചെയ്യാൻ മടി ഇല്ലാത്തവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. കേരള വിരുദ്ധമുന്നണിക്ക് അധികാരം പിടിക്കുക മാത്രമാണ് ലക്ഷ്യം”, എസ് സതീഷ് ആരോപിക്കുന്നു.

അതേസമയം, കെ റയിലിൽ പ്രതികരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങളോട് യെച്ചൂരി മറുപടി പറഞ്ഞില്ല. കേന്ദ്രസർക്കാർ നയങ്ങളെക്കുറിച്ച് ചോദിക്കൂ, ഞാൻ പറയാം. ഇതിൽ ഞാൻ മറുപടി പറയില്ലെന്ന് നേരത്തേ പറഞ്ഞതല്ലേ – യെച്ചൂരി പറയുന്നു. സിപിഎം കേന്ദ്രകമ്മിറ്റി ദില്ലിയിൽ ചേരുകയാണ്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കണ്ട സംഘടനാറിപ്പോർട്ട് അന്തിമമാക്കാനാണ് കേന്ദ്രകമ്മിറ്റി ചേരുന്നതെന്ന് യെച്ചൂരി വ്യക്തമാക്കുന്നു.

കേരളത്തിലെ പ്രതിപക്ഷവും എംപിമാരും ഇന്ത്യക്ക് തന്നെ അപമാനമാണെന്ന് തെളിയിച്ചുവെന്നാണ് എ കെ ബാലൻ പരിഹസിക്കുന്നത്. എംപിമാർ ശമ്പളവും അലവൻസും വാങ്ങുന്നത് കേരളത്തിന് വേണ്ടിയാണ്. ചരിത്രത്തിൽ ഇത്രയും ലജ്ജാകരമായ സംഭവം ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയോടെ സിൽവർ ലൈൻ ഗോൾഡൻ ലൈൻ ആവുകയാണ്. കെ റയിൽ പ്രതിഷേധങ്ങളിൽ കാര്യമില്ല. വയൽക്കിളികൾക്ക് എന്താണോ സംഭവിച്ചത്, അത് തന്നെ കെ റെയിലിലും നടക്കും. കേരളത്തെ കാളവണ്ടി യുഗത്തിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തുകയാണ് പ്രതിപക്ഷം. ഇന്നലെ ദില്ലിയിൽ കണ്ടത് നാടകമാണ്. ഗെയിൽ സമരത്തിൽ വെടിവെപ്പ് ഉണ്ടാക്കാൻ വരെ ശ്രമം ഉണ്ടായില്ലേ? എന്നിട്ടും പദ്ധതി യാഥാർഥ്യമായി – എന്ന് എ കെ ബാലൻ പറയുന്നു.

പ്രധാനമന്ത്രി അരമണിക്കൂറോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു. പാർട്ടി പറയുന്നത് കേന്ദ്രസർക്കാർ കേൾക്കണമെന്നില്ല. പ്രധാനമന്ത്രി പോസിറ്റീവ് സമീപനമാണ് സ്വീകരിച്ചത് – എന്ന് എ കെ ബാലൻ.

സിൽവർ ലൈനിൽ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിക്കുന്നു. ഇടതുകാലത്ത് വികസന പദ്ധതി നടപ്പാകരുത് എന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന സമരങ്ങൾ. വികസന പ്രവർത്തനം തടസ്സപ്പെടുത്താൻ ആര് ശ്രമിച്ചാലും സർക്കാർ പിന്നോട്ട് പോകില്ലെന്നും വി ശിവൻകുട്ടി.

അതേസമയം, ദില്ലിയിൽ കേരളത്തിലെ പ്രതിപക്ഷ എംപിമാർ നടത്തിയ സമരത്തിനെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ കടുത്ത ഭാഷയിലാണ് വിമർശനം നടത്തിയത്. യുഡിഎഫ് എംപിമാരുടെ മാർച്ച് പരിഹാസ്യമാണ്. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ കോൺഗ്രസ്, ബിജെപി നേതാക്കൾ നടത്തുന്ന സമരാഭാസമാണ്. വികസന പദ്ധതിയെ തകർക്കാൻ കേന്ദ്രത്തിൽ സ്വാധീനം ചെലുത്താൻ ശ്രമം നടക്കുകയാണ്. ഇത് ചരിത്രപരമായ വിവരക്കേടാണ്. ഇടതുപക്ഷ ഭരണത്തിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടത്തരുതെന്ന് വാശിയാണ് കാണുന്നത്. ഇന്നുവരെ ഇന്ത്യയിലെവിടെയും കൊടുക്കാത്ത നഷ്ടപരിഹാരവും പുനരധിവാസപാക്കേജുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയുമെന്തിനാണ് പ്രതിഷേധം? എ വിജയരാഘവൻ ചോദിക്കുന്നു.

അതേസമയം, കെ റയിൽ വിരുദ്ധസമരം രൂക്ഷമായ ചോറ്റാനിക്കരയിൽ യുഡിഎഫ് നേതൃത്വത്തിൽ കെ റയിൽ വിരുദ്ധസമരപ്പന്തൽ സ്ഥാപിച്ച് കെ റയിൽ വിരുദ്ധസമരസമിതി. അനൂപ് ജേക്കബ് എംഎൽഎയാണ് സമരപ്പന്തൽ ഉദ്ഘാടനം ചെയ്തത്. പദ്ധതിയെക്കുറിച്ച് മന്ത്രിമാർക്ക് പോലും വ്യക്തതയില്ലെന്ന് അനൂപ് ജേക്കബ് ആരോപിക്കുന്നു. വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പാഠം പഠിക്കാൻ സർക്കാർ തയ്യാറാകണമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button