തിരുവനന്തപുരം:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ കഴിേ്യണ്ടിവരുന്നവർക്ക് മരുന്നടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കുവാനും സഹായത്തിനും ഡിവൈഎഫ്‌ഐ സജ്ജമായി. അതിനായി ‘‘ഞങ്ങളുണ്ട് കൂടെ’’ എന്ന കൺട്രോൾ റൂം ഡിവൈഎഫ്‌ഐ ആരംഭിച്ചു.
മരുന്നിനും ഭക്ഷണത്തിനും വീട്ടിൽ സാധനങ്ങൾ കിട്ടാത്തവർക്കും അടിയന്തരാവശ്യത്തിന് കൂട്ടിനാളില്ലെങ്കിലും സംസ്ഥാനത്ത് എവിടെനിന്നും കൺട്രോൾ റൂമിലേക്ക് വിളിക്കാം. പ്രശ്‌നപരിഹാരത്തിന് കുറഞ്ഞസമയത്തിനുള്ളിൽ അവിടെ പ്രവർത്തകരെത്തുന്ന വിധമാണ് കൺട്രോൾ റൂം പ്രവർത്തിക്കുക.
സംസ്ഥാനതലത്തിൽ ആറുപേരുള്ളതാണ് കൺട്രോൾ റൂം. 9895858666, 9895868666, 8590025849, 8590011044, 8590018240, 7012215574 എന്നിവയാണ് വിളിക്കേണ്ട നമ്പറുകൾ. വിളിക്കുന്നവരുടെ ആവശ്യം അന്വേഷിച്ച് വിവരം ജില്ലാതല സംഘത്തിന് കൈമാറും. ഓരോ ജില്ലയിലും അഞ്ചുപേരടങ്ങുന്ന സംഘത്തെയാണ് നിയമിക്കുക. അഞ്ചുപേർവീതമുള്ള റെസ്‌പോൺസ് ടീം ബ്ലോക്ക്‌തലത്തിലായിരിക്കും പ്രവർത്തിക്കുക.
ഹോംകോറന്റൈൻ കഴിയുന്നവരും, ജോലിയും വരുമാനവും നിലച്ചുപോയവരും, വിദേശത്തു നിശ്ചിത സമയത്തു തിരിച്ചെത്താൻ കഴിയാത്തതു കാരണം ജോലിയിലും വരുമാനത്തിലും ആശങ്കയുള്ളവരും, തുടർച്ചയായ ദിവസങ്ങളിൽ സാമൂഹ്യ സമ്പർക്കമില്ലാതെ കഴിയുന്ന കുഞ്ഞുങ്ങളും, വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ വ്യത്യസ്തമായ മാനസിക പിരിമുറുക്കങ്ങളാണ് നേരിടുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.
ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ ശാസ്ത്രീയമായി പരിചരിക്കേണ്ട ബാധ്യത കൂടി നമുക്കുണ്ട്.
ഡിവൈഎഫ്ഐ ഈ സേവനം കൂടി നല്കാൻ തീരുമാനിച്ചിരിക്കുന്നു. നിലവിലുള്ള കാൾ സെന്റർ നമ്പറുകളിലേയ്ക്ക് വിളിച്ചാൽ മാത്രം മതി. പ്രമുഖരായ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. ടെലിഫോണിക്/ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇത്തരം ഒരു സാഹചര്യം നമ്മൾ നേരിടുന്നത് ആദ്യമായാണ്. അതിനാൽ പുതിയ തരം പ്രതിസന്ധികളിൽ നമുക്കാർക്കും ഉണ്ടായേക്കാവുന്ന മാനസിക പിരിമുറുക്കങ്ങൾ കൂടി നമുക്ക് അതിജീവിക്കണമെന്നും റഹീം പറഞ്ഞു.