ചാലക്കുടി: വെള്ളിയാഴ്ച വൈകീട്ട് സര്‍ക്കാര്‍ ഐ.ടി.ഐ.ക്ക് സമീപം പോലീസ് ജീപ്പിന്റെ മുകളില്‍ കയറിനില്‍ക്കുകയും തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് നിധിന്‍ പുല്ലന്‍ (30) ഉള്‍പ്പെടെ അഞ്ചുപേരെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പിള്ളി മേഖലാ സെക്രട്ടറി ജിയൊ കൈതാരത്ത് (24), ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ മാരാങ്കോട് മംഗലന്‍ വില്‍ഫിന്‍ (25), എസ്.എഫ്.െഎ. പ്രവര്‍ത്തകരായ പട്ടാമ്പി കറുകപുത്തൂര്‍ കളത്തില്‍ ഷെമീം (20), കാഞ്ഞൂര്‍ പുതിയേടം ഗ്യാനേഷ് (23) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ഐ.ടി.ഐ.യിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളാണ് പോലീസ് ജിപ്പിനു നേരെ ആക്രമണം നടത്തിയതിന് കാരണം. ഐ.ടി.ഐ. പരിസരത്ത് തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ച വിഷയത്തില്‍ എസ്.എഫ്.ഐ.ക്കാരും എ.ബി.വി.പി.ക്കാരും തമ്മില്‍ ഏതാനും ദിവസംമുന്‍പ് തര്‍ക്കമുണ്ടായിരുന്നു. പോലീസ് എത്തി ഇരുകൂട്ടരുടെയും ബോര്‍ഡുകള്‍ നീക്കംചെയ്തിരുന്നു. എസ്.എഫ്.ഐ.ക്കാരുടെ ബോര്‍ഡുകള്‍ നീക്കംചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ജീപ്പിനു നേരെ ഡി.വൈ.എഫ്.ഐ.ക്കാരുടെ ആക്രമണമുണ്ടായത്.
തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും എസ്.എഫ്.ഐ. കരസ്ഥമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന ആഹ്ലാദപ്രകടനത്തിനുശേഷമാണ് പോലീസിനു നേരെ തിരിഞ്ഞത്. പോലീസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് സി.പി.എം. ഏരിയാ സെക്രട്ടറി കെ.എസ്. അശോകന്‍ ഉള്‍പ്പെടെ 20 ആളുകളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈ.എസ്.പി.യെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലും കണ്ടാലറിയാവുന്ന 20 ആളുകളുടെ പേരില്‍ കേസുണ്ട്.
പ്രസംഗത്തിനിടെ അസഭ്യവര്‍ഷവും പോലീസിനു നേരെ ഭീഷണിയുമായി എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം ഹസ്സന്‍ മുബാറക്. ചാലക്കുടി എസ്.ഐ.യുടെ പേരെടുത്തുപറഞ്ഞായിരുന്നു ചീത്തവിളി. ഐ.ടി.ഐ.യിലെ കുട്ടികളെ ചാലക്കുടി എസ്.ഐ. തല്ലിച്ചതച്ചതായി ഹസ്സന്‍ മുബാറക് പറഞ്ഞു. മറുപടിയായി തെരുവുപട്ടിയെ തല്ലുന്നപോലെ തെരുവിലിട്ട് എസ്.ഐ. തല്ലുമെന്നും ഹസ്സന്‍ മുബാറക് ഭീഷണി മുഴക്കി.
ഇതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടിവന്നാലും പ്രശ്‌നമില്ല. തന്റെ വിവാദപ്രസംഗം റിപ്പോര്‍ട്ട് ചെയ്ത് വൈറലാക്കിയാലും എസ്.എഫ്.ഐ.ക്ക് ഒന്നും സംഭവിക്കില്ലെന്നും ഹസ്സന്‍ മുബാറക് പറഞ്ഞു.വെള്ളിയാഴ്ച ചാലക്കുടിയില്‍ ഐ.ടി.ഐ. തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നടന്ന സംഭവങ്ങളില്‍ പ്രതിഷേധിക്കാന്‍ നഗരത്തില്‍ എസ്.എഫ്.ഐ. സംഘടിപ്പിച്ച പ്രകടനത്തിനുശേഷം പ്രസംഗിക്കുകയായിരുന്നു ഹസ്സന്‍ മുബാറക്. ജില്ലാ പ്രസിഡന്റ് ആര്‍. വിഷ്ണു ചടങ്ങില്‍ അധ്യക്ഷനായി.