'ആര്‍എസ്എസ്-ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല' ; എമ്പുരാന് പിന്നിലുള്ളവരെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഡി വൈ എഫ് ഐ

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട സത്യങ്ങള്‍ തുറന്നുകാട്ടിയതിന്റെ പേരില്‍ എമ്പുരാന്‍ സിനിമയേയും അണിയറപ്രവര്‍ത്തകരേയും ലക്ഷ്യം വച്ച് കൊണ്ടുള്ള സംഘപരിവാര്‍ നീക്കത്തിനെതിനെ ഡിവൈഎഫ്ഐ യുവജന പ്രതിരോധം സംഘടിപ്പിക്കും. ‘ആര്‍എസ്എസ്-ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി 2025 ഏപ്രില്‍ ഏഴിന് ജില്ലാ കേന്ദ്രങ്ങളിലായിരിക്കും പ്രതിഷേധം.

‘ആര്‍എസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ ജനാധിപത്യ വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഭയപ്പെടുത്തി ഇല്ലാതാക്കുകയാണ്. എമ്പുരാന്‍ സിനിമയ്‌ക്കെതിരായ നീക്കവും അതിന്റെ നിര്‍മ്മാതാവിനെ ഇഡിയെ വിട്ട് ഭീഷണിപ്പെടുത്തിയതും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതും നാം കണ്ടു. എമ്പുരാന്റെ ശില്പിയും മലയാളത്തിന്റെ അഭിമാനവുമായ നടന്‍ പൃഥ്വിരാജിനെയാണ് സംഘപരിവാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.’

മോദിയും അമിത്ഷായും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗുജറാത്ത് വംശഹത്യയുടെ ഉള്ളറകള്‍ തുറന്ന് കാട്ടിയതിന്റെ പകയാണ് ഇന്‍കംടാക്‌സ് നോട്ടീസും ഭയപ്പെടുത്തലിന്റെ സമീപകാല ഉദാഹരണങ്ങളും. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇഡി 193 കേസുകള്‍ രജിസ്ട്രര്‍ ചെയ്തു.

ഇതില്‍ മുഴുവന്‍ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ളതാണ്. അതില്‍ രണ്ട് കേസുകള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ ഇന്ത്യയില്‍ ഭയം വിതച്ച് ഏകാധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണം. പ്രതിഷേധവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News