KeralaNationalNewsNews

ഡ്യൂട്ടി സമയം കഴിഞ്ഞു; തീവണ്ടി പാതിവഴിയിൽ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി

പുതുക്കാട്: ജോലിസമയം കഴിഞ്ഞതോടെ ചരക്കുവണ്ടി പുതുക്കാട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. ഇതോടെ പുതുക്കാട് റെയില്‍വേ ഗേറ്റില്‍ രണ്ടരമണിക്കൂര്‍ ഗതാഗതം മുടങ്ങി.പുതുക്കാട് -ഊരകം റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയായി. ചൊവ്വാഴ്ച രാവിലെ 5.30-നായിരുന്നു സംഭവം. ഇരുമ്പനത്തേക്ക് ഇന്ധനം നിറയ്ക്കാന്‍ പോയ ചരക്കുതീവണ്ടി പാതിവഴിയില്‍ നിര്‍ത്തിയാണ് ലോക്കോ പൈലറ്റ് വീട്ടില്‍ പോയത്. ഡ്യൂട്ടി ഏറ്റെടുക്കേണ്ട ആള്‍ എത്താത്തതിനാലാണ് ലോക്കോ പൈലറ്റ് പുതുക്കാട്ട് യാത്ര അവസാനിപ്പിച്ചത്. രണ്ടര മണിക്കൂറിനുശേഷം എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റിയുടെ ലോക്കോ പൈലറ്റിനെ എത്തിച്ച് ചരക്കുവണ്ടി മാറ്റിയ ശേഷമാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. എന്നാല്‍ തീവണ്ടി ഗതാഗതത്തിന് തടസമുണ്ടായില്ല.

ചെറിയ സ്റ്റേഷനായതിനാല്‍ ട്രെയിന്‍ നിര്‍ത്തിയാല്‍ ഇവിടെ റെയില്‍വേഗേറ്റ് അടച്ചിടേണ്ടിവരും. അതാണ് വാഹനഗതാഗതം തടസ്സപ്പെടാന്‍ കാരണം. തീവണ്ടി കുറുകെ ഇട്ടതിനാല്‍ പ്ലാറ്റ്ഫോമുകളിലേക്ക് കടക്കാനും യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ ചരക്കുവണ്ടിയുടെ അടിയിലൂടെ നൂണ്ടിറങ്ങിയാണ് മറുവശത്തെ പ്ലാറ്റ്‌ഫോമിലെത്തിയത്.

ലോക്കോ പൈലറ്റുമാര്‍ക്ക് പത്തു മണിക്കൂറാണ് ഡ്യൂട്ടിസമയം. വടക്കാഞ്ചേരിയില്‍വെച്ചുതന്നെ സമയം കഴിഞ്ഞിരുന്നു. സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിച്ചശേഷമാണ് ലോക്കോ പൈലറ്റ് മടങ്ങിയത്. അധികൃതര്‍ കൃത്യമായ ആശയവിനിമയം നടത്താതിരുന്നതാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് ആരോപണമുണ്ട്.സംഭവത്തില്‍ പാസഞ്ചേഴ്‌സ് ആസോസിയേഷന്‍ അന്വേഷണം ആവശ്യപ്പെട്ടു.

ഡ്യൂട്ടി കൈമാറാതെ തീവണ്ടി നിര്‍ത്തിയിട്ടിറങ്ങിയ ലോക്കോ പൈലറ്റിന്റേത് ഗുരുതര വീഴ്ച. ചാലക്കുടിയില്‍നിന്ന് മറ്റൊരു ലോക്കോ പൈലറ്റ് ഡ്യൂട്ടി ഏറ്റെടുക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, എറണാകുളം ഡിവിഷനില്‍നിന്നുള്ള ലോക്കോ പൈലറ്റ് ചാലക്കുടിയില്‍ കാത്തുനില്‍ക്കുന്നതറിഞ്ഞിട്ടും ഡ്യൂട്ടി നിര്‍ത്തിയിറങ്ങുകയായിരുന്നുവെന്നാണ് ആരോപണം. പത്തു മണിക്കൂര്‍ ഡ്യൂട്ടിസമയം കഴിഞ്ഞതോടെ പാലക്കാട് ഡിവിഷനില്‍നിന്നുള്ള ലോക്കോ പൈലറ്റ് പുതുക്കാട്ട് ഇറങ്ങുകയായിരുന്നു. സാധാരണ ഒരു ലോക്കോ പൈലറ്റും അസി. ലോക്കോ പൈലറ്റുമാണ് വണ്ടിയില്‍ ഉണ്ടാവുക. നിര്‍ത്തിയിട്ട വണ്ടിയില്‍ അസി. ലോക്കോ പൈലറ്റ് ഉണ്ടായിരുന്നെങ്കിലും ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിന്‍ കൊണ്ടുപോകാന്‍ റെയില്‍വേ ചട്ടം അനുവദിക്കുന്നില്ല.

നേരത്തേ ലോക്കോപൈലറ്റിന്റെ ഡ്യൂട്ടിസമയം എട്ട് മണിക്കൂറായിരുന്നു. പിന്നീടത് പത്തു മണിക്കൂറാക്കിയത് വലിയ പരാതികള്‍ക്കിടയാക്കിയിരുന്നു. പത്തുമണിക്കൂര്‍ തുടര്‍ച്ചയായ ഡ്യൂട്ടി കഴിഞ്ഞാലുടന്‍ വിശ്രമത്തിന് സമയമനുവദിക്കണമെന്നും ചട്ടമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button