വിവാഹ ഘോഷയാത്രയ്ക്കിടെ വരന്റെ കാമുകിയെത്തി; സഹോദരനുമായി യുവതിയുടെ വിവാഹം

കാന്‍പൂര്‍: വിവാഹത്തിന് തൊട്ടുമുമ്പ് പരാതിയുമായി വരന്റെ മുന്‍ കാമുകി എത്തിയതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. ഒടുവില്‍ പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി വരന്റെ സഹോദരനുമായി വിവാഹം നടത്തി ബന്ധുക്കള്‍ പ്രശ്‌നം പരിഹരിച്ചു. ഉത്തര്‍പ്രദേശിലെ കാന്‍പൂറിലാണ് സംഭവം നടന്നത്.

കഡൗറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സുരേന്ദ്ര (25) എന്ന യുവാവിന്റെ വിവാഹമാണ് നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി പുറപ്പെടാനൊരുങ്ങുമ്പോഴാണ് പൊലീസ് എത്തി സുരേന്ദ്രയെ അറസ്റ്റ് ചെയ്തത്. മുന്‍ കാമുകിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

സുരേന്ദ്ര നേരത്തെ രഹസ്യമായി തന്നെ വിവാഹം കഴിച്ചിരുന്നുവെന്നാണ് മുന്‍ കാമുകി പൊലീസില്‍ നല്‍കിയ പരാതി. വീട്ടുകാര്‍ മറ്റൊരു വിവാഹം ആലോചിച്ചപ്പോള്‍ സുരേന്ദ്ര തന്നെ ഉപേക്ഷിച്ച് പുതിയ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

പൊലീസ് സുരേന്ദ്രയെയും കാമുകിയെയും വധുവിന്റെ കുടുംബാംഗങ്ങളെയും നെവാദ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇതിനിടെ പഞ്ചായത്തിലെ ചില മുതിര്‍ന്ന അംഗങ്ങളും പൊലീസ് സ്റ്റേഷനിലെത്തി പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ ആരംഭിച്ചു.

പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി വരന്റെ ഇളയ സഹോദരനെ സുരേന്ദ്രയുമായി വിവാഹം നിശ്ചയിച്ച .യുവതിയെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു. മുന്‍ കാമുകിയെ സ്വീകരിക്കാനും വിവാഹം കഴിക്കാനും തയ്യാറാണെന്ന് സുരേന്ദ്ര സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെയും പൊലീസ് വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News