രക്ഷാപ്രവർത്തനത്തിനിടയിൽ സൂചിപ്പാറയിൽ മൂന്നുപേർ കുടുങ്ങി; എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി
കൽപറ്റ: രക്ഷാപ്രവര്‍ത്തനത്തിനായി പോയി വനത്തില്‍ കുടുങ്ങിയ 3 യുവാക്കളെയും രക്ഷിച്ച് ദൌത്യസംഘം. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്. ഇവരില്‍ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഒരാള്‍ മറുകരയിലേക്ക് നീന്തിയെത്തി. ചാലിയാർ പുഴ കടന്ന് ഇന്നലെയാണ് ഇവര്‍ വയനാട്ടിലേക്ക് പോയത്. അതിസാഹസികമായിട്ടാണ് ദൌത്യസംഘം ഇവരെ രക്ഷിച്ചത്.
ഇവരില്‍ രണ്ട് പേരുടെ കാലിന് പരിക്കേറ്റിരുന്നു. കൂടാതെ ശക്തമായ മഴയും കോടയും മൂലം ഇവര്‍ അവശരായിരുന്നു. രക്ഷപ്പെടാന്‍ സാധിക്കുന്ന രീതിയിലായിരുന്നില്ല ഇവരുടെ ആരോഗ്യാവസ്ഥ. തുടര്‍ന്നാണ് ഇവിടേക്ക് രക്ഷാപ്രവര്‍ത്തകരെത്തുന്നത്. ആദ്യം പൊലീസിന്‍റെ സംഘമാണ് ഇവിടേക്ക് എത്തിയത്. അവരെ വടം ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയാണ് എയര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.
ഇവർക്ക് ആദ്യം വൈദ്യസഹായം നൽകി. പരിശോധനക്ക് ശേഷം ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദുരന്തം നടന്ന അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന യുവാക്കളാണ് ഇവര്‍ മൂവരും.