InternationalNews

‘എല്ലാ കണ്ണുകളും റഫയിലേക്ക്’പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിനിൽ പങ്കാളിയായി ദുൽഖർ സൽമാൻ

കൊച്ചി: റഫയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം ബോംബ് വർഷിച്ചതിന് പിന്നാലെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർ താരം ദുൽഖർ സൽമാൻ. ‘എല്ലാ കണ്ണുകളും റഫയിലേക്ക് ‘ എന്ന തലവാചകത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന പലസ്തീൻ സപ്പോർട്ട് ക്യാമ്പയിനിലാണ് ദുൽഖർ പങ്കാളിയായത്.

നേരത്തെ മലയാളത്തിലെയും മറ്റ് ഇൻഡസ്റ്ററികളിലെയും നിരവധി അഭിനേതാക്കൾ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ മലയാളി താരം കനി കുസൃതി പലസ്തീൻ ഐക്യദാർഢ്യവുമായി എത്തിയത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തൻ വാനിറ്റി ബാഗുമായാണ് കനി കാൻ വേദിയിലെത്തിയത്. കനി അഭിനയിച്ച പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം ലഭിച്ചിരുന്നു.

ഞായറാഴ്ച രാത്രി റഫായിലെ ഒരു അഭയാർഥി ക്യാംപ് ഇസ്രായേൽ ബോംബിട്ട് കത്തിച്ചാമ്പലാക്കിയിരുന്നു. സംഭവത്തിൽ അൻപതോളം പേരാണ് വെന്തുമരിച്ചത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമായിരുന്നു. ഗർഭിണികളും കൂട്ടത്തിലുണ്ടായിരുന്നതായി റിപ്പോർട്ടുകള്‍ വരുന്നുണ്ട്. റഫായിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവ് അവഗണിച്ചായിരുന്നു ഇസ്രായേൽ അതിക്രമം. അതെ സമയം ആക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.

ഭവനരഹിതരായ മനുഷ്യരെ കൊന്നൊടുക്കുന്ന ഇസ്രായേൽ ആക്രമണം പ്രതിഷേധാർഹമാണന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു. റഫാ ആക്രമണം അതിഗുരുതരമാണെന്നായിരുന്നു സ്‌പെയിനിന്റ പ്രതികരണം. അതിക്രൂരമായ ആക്രമണമെന്ന് വിദേശകാര്യ മന്ത്രി മിഷേൽ മാർട്ടിനും അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിന്റെ ലംഘനമാണിതെന്ന് നോർവേ വിദേശകാര്യ മന്ത്രി എസ്‌പെൻ ബാർത്ത് എയ്ഡും കുറ്റപ്പെടുത്തി.

റഫായിലെ സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന തൽ അൽസുൽത്താനിൽ ഞായറാഴ്ച രാത്രി 8.45നായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടന്നത്. ഒരു അഭയാർഥി ക്യാംപ് അപ്പാടെയാണ് ബോംബിട്ട് ചാമ്പലാക്കിയത്. 45 പേർ ആക്രമണത്തിൽ വെന്തുമരിക്കുകയും 249ഓളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button