EntertainmentKeralaNews

ട്രോളുകൾ സത്യം,വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് താൻ, വെളിപ്പെടുത്തലുമായി ദുൽഖർ

കൊച്ചി:പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നചിത്രമാണ് ദുൽഖറിന്റെ (Dulquer Salmaan) ‘കുറുപ്പ്’ (Kurup). നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. എതാനും ​ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. പിന്നാലെ മമ്മൂട്ടി(mammootty) ആദ്യമായി ഒരു ദുൽഖർ ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചത് വലിയ ശ്രദ്ധനേടിയിരുന്നു പിന്നാലെ ട്രോളുകളും ഇറങ്ങി. മമ്മൂട്ടിയുടെ ഫോണെടുത്ത് ദുൽഖർ ചെയ്തതതാകും ഇതെന്ന തരത്തിലായിരുന്നു ട്രോളുകൾ ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തുകയാണ് ദുൽഖർ.

‘ട്രോളുകളെല്ലാം ഞാൻ കണ്ടിരുന്നു. മമ്മൂക്ക അറിയാതെ ഞാൻ തന്നെ ഫോൺ അടിച്ചുമാറ്റി ചെയ്തതാണെന്നായിരുന്നു ട്രോൾ. സാധാരണ എന്റെ സിനിമകൾ പ്രമോട്ട് ചെയ്യാൻ ആരോടും പറയാറില്ല. സ്വയം ചെയ്യുകയാണ് പതിവ്. പക്ഷേ ഇതൊരു വലിയ സിനിമയാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ തിയറ്ററിൽ റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം. അതുകൊണ്ടുതന്നെ കൂടെയുള്ള എല്ലാ ആളുകളോടും ട്രെയിലർ ഷെയർ ചെയ്യാൻ പറഞ്ഞിരുന്നു.

എന്റെ കുടുംബത്തിലും പറഞ്ഞു. വാപ്പച്ചിയോടും പറഞ്ഞു. ‘പ്ലീസ് ഈ പടമെങ്കിലും എനിക്കു വേണ്ടി.’ അങ്ങനെ ‘ഫോൺ എടുക്കുവാണേ’ എന്നു പറഞ്ഞ് ഞാൻ തന്നെയാണ് ഷെയർ ചെയ്തത്. ട്രോളന്മാര്‍ പറഞ്ഞത് സത്യമായിരുന്നു.’എന്നാണ് ദുൽഖർ പറഞ്ഞത്. കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് ദുൽഖറിന്റെ വെളിപ്പെടുത്തൽ.

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം കേരളത്തിലെ തിയറ്ററുകളിലേക്ക് എത്തുന്ന ആദ്യ പ്രധാന റിലീസ് ആണ് കുറുപ്പ് (Kurup). പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ റോളില്‍ ദുല്‍ഖര്‍ (Dulquer Salmaan) എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ആണ്. ചിത്രം തിയറ്ററുകളില്‍ എത്തുന്നതിനു മുന്‍പ് അത് കണ്ട അപൂര്‍വ്വം വ്യക്തികളിലൊരാള്‍ മമ്മൂട്ടിയാണ് (Mammootty). ചിത്രത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ച അഭിപ്രായം (Kurup Review) എന്താണ്? കുറുപ്പ് റിലീസിനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഈ ചോദ്യം ദുല്‍ഖറിനോട് തന്നെയായിരുന്നു. ദുല്‍ഖര്‍ അതിനു മറുപടിയും പറഞ്ഞു.

പൊതുവെ തന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹം അഭിപ്രായങ്ങളൊന്നും പറയാറില്ലെങ്കിലും ഇക്കുറി അത് പറഞ്ഞെന്ന് ദുല്‍ഖര്‍ അറിയിച്ചു. “ഇതൊരു സിനിമാറ്റിക് എക്സ്പീരിയന്‍സ് ആയെന്ന് പറഞ്ഞു”, ദുല്‍ഖര്‍ അറിയിച്ചു. സിനിമാപ്രേമികളില്‍ പലരും പങ്കുവച്ച ആശങ്ക പോലെ സുകുമാരക്കുറുപ്പിനെ തങ്ങള്‍ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു- “കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യരുത് എന്നതുതന്നെയായിരുന്നു ഞങ്ങള്‍ എല്ലാവരുടെയും പ്രധാന തീരുമാനം. ആ ഒരു കാര്യത്തിലാണ് ഞങ്ങള്‍ ഏറ്റവും ശ്രദ്ധിച്ചിരുന്നത്. ഒരുപാട് തവണ എഡിറ്റ് ഒക്കെ നടത്തിയിരുന്നു.

പക്ഷേ ഇതൊരു വലിയ ബജറ്റ് സിനിമയാണ്. ആളുകള്‍ക്ക് എന്‍റര്‍ടെയ്‍നിംഗ് കൂടി ആയിരിക്കണം എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ സിനിമ കാണുമ്പോള്‍ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്തതായി തോന്നില്ല. ഒരു ബയോപിക് പോലത്തെ സിനിമയാണ്. ഒരുപാട് കാലഘട്ടങ്ങളും കഥാപാത്രത്തിന്‍റെ വിവിധ പ്രായങ്ങളുമുണ്ട്. കേട്ട കഥകളും ഫിക്ഷനും ഉണ്ടാവും. യഥാര്‍ഥ പേരുകള്‍ ഉപയോഗിച്ചിട്ടില്ല. ഒരു സിനിമയായിട്ടു തന്നെ കാണണമെന്നാണ് എന്‍റെ അഭ്യര്‍ഥന. കുറുപ്പിനുവേണ്ടി ഒരു വര്‍ഷത്തേക്ക് മറ്റു സിനിമകളൊന്നും ഞാന്‍ ചെയ്‍തിട്ടില്ല. ഒരു രീതിയിലും കോംപ്രമൈസ് ചെയ്യാത്ത സിനിമയാണ്”, ദുല്‍ഖര്‍ പറഞ്ഞു.

മരക്കാറിന്‍റെ ഒടിടി റിലീസിനെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദുല്‍ഖറിന്‍റെ പ്രതികരണം ഇങ്ങനെ- “വലിയ സിനിമകള്‍ ഒടിടിയില്‍ കൊടുക്കണമെന്ന് ആര്‍ക്കും ആഗ്രഹം കാണില്ല. പക്ഷേ രണ്ട് കൊല്ലത്തോളം ഹോള്‍ഡ് ചെയ്യുമ്പോള്‍, റിട്ടേണുകള്‍ ഒന്നും ഇല്ലാതെ വരുമ്പോള്‍ എല്ലാ വഴികളും അന്വേഷിച്ചേ പറ്റൂ. വലിയ സിനിമകള്‍ ഒരു ചെറിയ സ്ക്രീനില്‍ ആസ്വദിക്കാന്‍ പറ്റുന്നവയല്ല”, ദുല്‍ഖര്‍ പറഞ്ഞു. ഈ മാസം 12നാണ് ചിത്രത്തിന്‍റെ റിലീസ്. കേരളത്തിലെ 450 സ്ക്രീനുകളിലാണ് ചിത്രം എത്തുക. അഡ്വാന്‍സ് ബുക്കിംഗ് നേരത്തേ ആരംഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button