തൃശൂര്‍:നഗരത്തിലെ ട്രാഫിക് ഡ്യൂട്ടിക്കിടെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് തോന്നിയ സംശയവും തുടര്‍ന്ന് നടത്തിയ അന്വേഷണവും തമിഴ്നാട്ടിലെ ഈറോഡ് സ്വദേശിക്ക് തുണയായി.
ഒന്നര വര്‍ഷം മുമ്പ് വീട്ടുമുറ്റത്തു നിന്ന് നഷ്ടപ്പെട്ട പ്രിയപ്പെട്ട സ്കൂട്ടര്‍ തൃശൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി കൈപറ്റിക്കൊണ്ട് ഈറോഡ് സ്വദേശിയായ ധ്യാനേഷ് കൈകൂപ്പി പറഞ്ഞു: ”റൊമ്ബ നന്‍ട്രി സാര്‍…”
ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം ഒരു സിവില്‍ പൊലീസ് ഓഫീസറുടെ ജാഗ്രതയില്‍ നിന്നുണ്ടായ സംശയമാണ്. ഒരു ദിവസം ട്രാഫിക് ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതിനിടെ സിവില്‍ പൊലീസ് ഓഫീസര്‍ എ.കെ.ശരത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കിടയില്‍ തമിഴ്നാട് രജിസ്ട്രേഷനുള്ള ഒരു സ്കൂട്ടര്‍ ശ്രദ്ധിച്ചു. പൊടിയും അഴുക്കും പിടിച്ച് കുറച്ചുകാലമായി ഉപയോഗിക്കാത്തതുപോലെയായിരുന്നു ആ വാഹനം. തൃശൂര്‍ നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തി ആളുകള്‍ ബസു കയറി പോകുന്ന സ്ഥലമായിരുന്നു അത്. തൃശൂരില്‍ ധാരാളം തമിഴ്നാട് സ്വദേശികള്‍ ഉള്ളതിനാല്‍ അവരില്‍ ആരെങ്കിലും ജോലിക്കായി പോകുമ്പോൾ കൊണ്ടുവന്നുവെച്ചതായിരിക്കാം എന്നു കരുതി ഉടനെ അതിന് പിറകില്‍ അന്വേഷിച്ച് പോയില്ലെങ്കിലും ആ സംശയം അവിടെ അവശേഷിച്ചു.
പത്തുപതിനഞ്ച് ദിവസത്തിനുശേഷം ശരത്തും, സബ് ഇന്‍സ്പെക്ടര്‍ ലീലാഗോപനും ചേര്‍ന്ന് പട്രോളിങ്ങ് നടത്തുമ്പോഴും അതേ സ്കൂട്ടര്‍ അവിടെ തന്നെ കിടക്കുന്നത് ശ്രദ്ധിച്ചു. സംശയം ബലപ്പെട്ടതോടെ സ്കൂട്ടറിന്‍റെ രജിസ്ട്രേഷന്‍ നമ്പറും,ചേസിസ് നമ്പറും കുറിച്ചെടുത്തു.
പൊലീസ് സ്റ്റേഷനില്‍ മടങ്ങിയെത്തി, മോട്ടോര്‍ വാഹന വകുപ്പിന്‍റെ വെബ്സൈറ്റില്‍ നിന്നും വാഹനത്തിന്‍റെ ഉടമയുടെ പേരും വിലാസവും ഫോണ്‍ നമ്പറും കണ്ടെത്തി. തമിഴ്നാട് ഈറോഡ് സ്വദേശിയായ ധ്യാനേഷാണ് വെബ് സൈറ്റില്‍ കാണുന്ന വാഹന ഉടമ. തമിഴ് സംസാരിക്കാനറിയാവുന്ന ശരത്, അദ്ദേഹത്തെ ഫോണില്‍ വിളിച്ചു.
വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന പുതിയ സ്കൂട്ടര്‍, ഒന്നര വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കഥ ആ ഇറോഡ് സ്വദേശി ശരത്തിനോട് വിവരിച്ചു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പലയിടത്തും അന്വേഷിക്കുകയും ചെയ്തുവെങ്കിലും കോവിഡ് അടച്ചുപൂട്ടല്‍ കാരണം അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല.
വാഹനത്തിന്‍റെ ഉടമസ്ഥാവകാശ രേഖകളും, പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്‍റെ വിവരങ്ങളും വാട്സ്‌ആപ്പിലൂടെ അദ്ദേഹം അയച്ചുതന്നു. വാഹനത്തിന്‍റെ ഉടമ ഈറോഡ് സ്വദേശി തന്നെയാണെന്ന് ഉറപ്പുവരുത്തിയതോടെ റോഡ് സൈഡില്‍ നിന്ന സ്കൂട്ടര്‍ റിക്കവറിവാനില്‍ കയറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചു. അഴുക്കും പൊടിയും കഴുകിക്കളഞ്ഞ് വൃത്തിയാക്കി.
ഉടമയായ ധ്യാനേഷിന് വാഹനം വിട്ടു നല്‍കാന്‍ നിയമതടസ്സങ്ങളില്ലെന്ന സബ് ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശപ്രകാരം ശരത് തന്നെ വാഹന ഉടമയെ വിളിച്ചറിയിച്ചു.
ഒന്നര വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്കൂട്ടര്‍ തിരികെ വാങ്ങാന്‍ ധ്യാനേഷ്, തൃശൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ എത്തി. ഒറിജിനല്‍ രേഖകളും, വാഹനത്തിന്‍റെ താക്കോലും ധ്യാനേഷ് സബ് ഇന്‍സ്പെക്ടറെ കാണിച്ചു. അങ്ങനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ധ്യാനേഷിന് സ്കൂട്ടര്‍ വിട്ടു നല്‍കി. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ പ്രിയപ്പെട്ട സ്കൂട്ടറുമായി ധ്യാനേഷ് ഈറോഡിലേക്ക് മടങ്ങി.