കൊച്ചി: കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കാനായില്ല. ഇതേ തുടർന്ന് ആറ് വിമാനങ്ങൾ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹറൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിൽ നിന്നുള്ള വിമാനവും എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്.
കരിപ്പൂർ വിമാനത്താവളത്തിലേത് ടേബിൾ ടോപ് റൺവേയാണ്. ഇവിടെ കനത്ത മഴയിലാണ് 2020 ൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ടത്. 21 പേർ കൊല്ലപ്പെട്ട അപകടത്തിൽ 150 ഓളം പേർക്ക് പരിക്കേറ്റിരുന്നു. കനത്ത മഴയെ തുടർന്ന് റൺവേ കാണാനാവാതെ രണ്ട് വട്ടം ലാന്റിങിൽ നിന്ന് പിന്തിരിഞ്ഞ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മൂന്നാമത്തെ ശ്രമത്തിൽ അപകടത്തിൽപെടുകയായിരുന്നു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത്.