വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും;കുഞ്ഞിന്റെ സംസ്‌കാരം ദുബായിൽ

ദുബായ്: ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനമായി. മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കരിക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കി എന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്‌കാരചടങ്ങ് മാറ്റിവെച്ചിരുന്നു. സംസ്‌കാരം സംബന്ധിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സംസ്‌കാരം മാറ്റിവെയ്ക്കാന്‍ തീരുമാനമെടുത്തത്. മുന്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ ഇടപെടലിലാണ് കോണ്‍സുലേറ്റ് ഇടപെട്ടതെന്ന്‌ വിപഞ്ചികയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.

നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് വൈഭവിയുടെ സംസ്‌ക്കാരം ഷാര്‍ജയില്‍ നടത്താനുള്ള നിധീഷിന്റെ നീക്കം തടയാനായത്. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച ഷാര്‍ജയില്‍ നടത്തുകയാണെന്നും വിപഞ്ചികയുടെ കുടുംബാംഗങ്ങള്‍ക്ക് വേണമെങ്കില്‍ പങ്കെടുക്കാമെന്നും കാണിച്ച് നിധീഷ് വിപഞ്ചികയുടെ ബന്ധുവിന് സന്ദേശമയച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങുകയാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കി.

പലതലത്തിലുള്ള സഹായ അഭ്യര്‍ഥനകളും ഫലം കാണാതെ വന്നോതോടെ വിപഞ്ചിയുടെ അഭിഭാഷകന്‍ അഡ്വ. മനോജ് കുമാര്‍ മുന്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരനോട് സഹായം തേടി. അദ്ദേഹം ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി അപ്പോള്‍ത്തന്നെ ബന്ധപ്പെട്ടു. ഭര്‍ത്താവും അച്ഛനും എന്ന നിലയില്‍ മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ നിധീഷിനാണ് നിയമപരമായ അവകാശം എന്നത് കോണ്‍സുലേറ്റ് മുരളീധരനെ അറിയിച്ചു.

എന്നാല്‍, വിപഞ്ചിക വിവാഹമോചന നീക്കടമടക്കം നടത്തിയിരുന്നുവെന്ന്‌ മുരളീധരന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. ഇക്കാര്യം ദുബായ് പോലീസ് അധികൃതരെ അറിയിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ ഉണ്ടായത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പോലീസിനെ ബോധ്യപ്പെടുത്തുമ്പോഴേക്കും കുഞ്ഞിന്റെ മൃതദഹേവുമായി ആംബുലന്‍സ് പുറപ്പെട്ടിരുന്നു.

പിന്നാലെ പോയ പോലീസ് വാഹനം ആംബുലന്‍സ് തടഞ്ഞ് മൃതദേഹം മോര്‍ച്ചറിയിലേക്ക് തിരികെ അയച്ചു. നാട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തണമെന്ന വിപഞ്ചികയുടെ കുടുംബാംഗങ്ങളുടെ ആവശ്യം ന്യായമാണെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും വി. മുരളീധരന്‍ പ്രതികരിച്ചിരുന്നു. മൃതദേഹങ്ങള്‍ തിരികെ കേരളത്തിൽ എത്തിക്കാനായി വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍ എത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയിലാണ് വൈഭവിയുടെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കരിക്കാനും വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനും തീരുമാനമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News