ദുബായ്: ലോകത്ത് ഏറ്റവും കുറവ് വൈദ്യുതി മുടക്കമുള്ള നഗരമായി ദുബായ്. കഴിഞ്ഞ വർഷം ദുബൈയിൽ ഉപഭോക്താവിന് വൈദ്യുതി ലഭിക്കാതിരുന്നത് ഒരു മിനിറ്റും ആറു സെക്കൻഡുമാണ്. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) കഴിഞ്ഞ ദിവസം പുറത്തുവിട്ട ഇലക്ട്രിസിറ്റി കസ്റ്റമർ മിനിറ്റ്സ് ലോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2022ൽ ഉപഭോക്താവിന് വൈദ്യുതി മുടക്കം സംഭവിച്ചത് 1.19 മിനിറ്റായിരുന്നു. ഈ റെക്കോഡ് മറികടക്കാൻ ദീവക്ക് കഴിഞ്ഞു.വൈദ്യുതി മുടങ്ങാതെ നോക്കുന്നതിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിലാണ് ദുബായ് നഗരം. യൂറോപ്പിൽ ഒരു വർഷം ശരാശരി 15 മിനിറ്റെങ്കിലും വൈദ്യുതി മുടങ്ങുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
നിർമിത ബുദ്ധി, ബ്ലോക്ചെയ്ൻ, ഊർജസംഭരണം, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിവ ഉൾപ്പെടെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലൂടെയാണ് ഈ നേട്ടം സാധ്യമായതെന്ന് ദീവ സി.ഇ.ഒ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. 700 കോടി ദിർഹം നിക്ഷേപത്തിൽ സ്മാർട്ട് ഗ്രിഡ് നടപ്പാക്കിയതും ഈ നേട്ടത്തിന് പിന്തുണയേകി.