ന്യൂഡൽഹി: ഗ്യാന്‍വാപി കേസില്‍ (Gyanvapi Case) ഫേസ്ബുക്ക് പോസ്റ്റിട്ട ദില്ലി സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍. ദില്ലി സര്‍വ്വകലാശാലയിലെ ഹിന്ദു കോളേജിലെ പ്രൊഫസര്‍ രത്തന്‍ ലാലിനെയാണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. രത്തന്‍ ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അതേസമയം ഗ്യാൻവാപി മസ്ജിദിനെക്കുറിച്ചുള്ള കേസ് വാരാണസി സിവിൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. നാല് നിർദ്ദേശങ്ങൾ സുപ്രീംകോടതി നല്‍കി. നിലവിൽ സിവിൽ കോടതിയാണ് കേസ് കേൾക്കുന്നത്. മുതിർന്ന ജഡ്ജി കേൾക്കട്ടെ എന്ന് നിർദ്ദേശിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് കേസ് ജില്ലാ കോടതിക്ക് വിട്ടു.
1991 ലെ ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമപ്രകാരം കോടതിക്ക് ഇത് കേൾക്കാനുള്ള അധികാരമില്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു. ഈ അപേക്ഷ ആദ്യം പരിഗണിക്കാൻ ജില്ലാ കോടതിക്ക് നിർദ്ദേശം നല്‍കി. സർവ്വേ റിപ്പോർട്ട്, മസ്ജിദിലെ പ്രാർത്ഥന എന്നിവയിൽ നേരത്തെ നല്‍കിയ ഇടക്കാല ഉത്തരവ് തുടരും. വിശ്വാസികൾക്ക് ശുദ്ധിവരുത്താനുള്ള സൗകര്യം കക്ഷികളോട് സംസാരിച്ച് ജില്ലാ മജിസ്ട്രേറ്റ് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. മറ്റൊരു സ്ഥലത്ത് ഇത് വേണം എന്നല്ല നിർദ്ദേശമെന്ന് കോടതി വിശദീകരിച്ചു.
സർവ്വേ ഉൾപ്പടെ ഇതുവരെയുള്ള എല്ലാ നടപടിയും റദ്ദാക്കണം എന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. ഒരു ആരാധനാലയത്തിന്‍റെ സ്വഭാവം എന്തെന്ന് പരിശോധിക്കുന്നതിന് വിലക്കില്ല. ആരാധനാലയത്തിന്‍റെ സ്വഭാവം മാറ്റുന്നതിലാണ് വിലക്കെന്നും കോടതി പരാമർശിച്ചു. സർവ്വേ റിപ്പോർട്ടുകൾ ചോർത്തരുതെന്നും കോടതി നിർദ്ദേശം നല്‍കി.
സൗഹാർദ്ദവും സന്തുലനവും ഉറപ്പാക്കാനാണ് നോക്കുന്നതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. ഗ്യാൻവാപിയിൽ ഇപ്പോൾ നടന്നതിന് അപ്പുറത്തുള്ള നടപടികൾ തല്‍ക്കാലം വിലക്കുന്നതാണ് സുപ്രീംകോടതി ഉത്തരവ്. എന്നാൽ അയോധ്യ പോലെ നീണ്ടു നില്‍ക്കാനിടയുള്ള വ്യവഹാരത്തിന്‍റെ സാധ്യതയും ഉത്തരവ് തുറന്നിടുന്നു.