കെ.എസ്.ആര്‍.ടി.സി ബസില്‍ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരി അറസ്റ്റില്‍; യാത്രക്കാര്‍ മര്‍ദിച്ചെന്ന യുവതിയുടെ പരാതിയിലും കേസ്

കോട്ടക്കല്‍: കെ.എസ്.ആര്‍.ടി.സി ബസില്‍ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരിയെ പോലിസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശിനിയായ 40കാരിയാണ് മദ്യപിച്ച് ബസില്‍ ബഹളം ഉണ്ടാക്കിയത്. കോട്ടക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. യാത്രക്കാര്‍ മര്‍ദിച്ചെന്ന യുവതിയുടെ പരാതിയിലും കേസെടുത്തതായി പൊലീസ് അറിയിച്ചു. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും യുവതി പരാതി നല്‍കിയിട്ടുണ്ട്.

ദേശീയപാത 66ല്‍ ചങ്കുവെട്ടി ജങ്ഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എടരിക്കോട്ട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്തിയില്ലെന്ന് പറഞ്ഞായിരുന്നു യുവതി ബഹളം വെച്ചത്. ഇതിനിടെ ദീര്‍ഘദൂര ബസ് ചങ്കുവെട്ടിയില്‍ എത്തി. ഇവിടെ ബസ് നിര്‍ത്തിയെങ്കിലും ബസില്‍നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച യാത്രക്കാരി ബഹളംവെക്കുകയായിരുന്നു. മറ്റു യാത്രക്കാര്‍ ഇടപെട്ട് ഇവരെ ഇറക്കിവിട്ടെങ്കിലും ബസിന്റെ മുന്നിലെത്തി തടഞ്ഞു നിര്‍ത്തി.

ബസ് ജീവനക്കാര്‍ അറിയിച്ചത് അനുസരിച്ച് വനിത പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ ആരോ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്നാണ് യാത്രക്കാരി പരാതിയുമായി എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News