ഇൻഡോർ ∙ മധ്യപ്രദേശിലെ ഇൻഡോറിൽ കൂട്ടം ചേർന്ന് സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ നാലു യുവതികൾക്കെതിരെ കേസ്. മേഘ മാളവ്യ, പൂനം അഹിർവാർ, ടീന സോണി എന്നിവർക്കും മറ്റൊരു യുവതിക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. നാലു യുവതികൾ ചേർന്ന് സ്ത്രീയെ മർദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ആക്രമിക്കുന്ന സമയത്ത് ഇവർ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്.
നവംബർ നാലിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ, തിങ്കളാഴ്ചയോടെ ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വൈറലായത്. നാലു യുവതികൾ അടങ്ങുന്ന സംഘം വഴിയരികിൽ വച്ച് ഒരു സ്ത്രീയെ നിലത്തിട്ട് അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കൂട്ടത്തിൽ ഒരാൾ സ്ത്രീയുടെ മൊബൈൽ ഫോൺ എറിഞ്ഞു തകർക്കുന്നതും വിഡിയോയിലുണ്ട്.
ഇൻഡോറിലെ ധേനു മാർക്കറ്റിൽ കീടനാശിനികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയെയാണ് ഇവർ മർദ്ദിച്ചതെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സ്ത്രീയെ ചവിട്ടുകയും ബെൽറ്റും ചെരിപ്പും ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്യുമ്പോൾ ഒട്ടേറെപ്പേർ കാഴ്ചക്കാരായി കൂടിയിരിക്കുന്നതും വിഡിയോയിൽ കാണാം. ഇവരിലാരും സംഘർഷത്തിൽ ഇടപെടുന്നില്ല. അതേസമയം, അവിടെ കൂടിയിരുന്നവരിൽ ചിലർ പകർത്തിയ ദൃശ്യങ്ങളാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ആക്രമണത്തിന് ഇരയായ സ്ത്രീ പിന്നീട് പരാതി നൽകിയതോടെയാണ് പൊലീസ് കേസെടുത്തത്.