KeralaNews

യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുടുംബജീവിതത്തെ ശിഥിലമാക്കുന്നു;സംയുക്ത ബോധവത്ക്കരണത്തിനൊരുങ്ങി വനിത കമ്മിഷന്‍

തിരുവനന്തപുരം:യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും സൈബര്‍ കുറ്റകൃത്യങ്ങളും കുടുംബജീവിതത്തെ ശിഥിലമാക്കുന്നുവെന്നും പോലീസ്, എക്സൈസ്, തദ്ദേശ സ്ഥാപനങ്ങള്‍, ജാഗ്രതാ സമിതി എന്നിവയുമായി ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നല്‍കുമെന്നും വനിത കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു.

കാസര്‍കോട് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗം. 30 നും 40 നും ഇടയിലുള്ളവരില്‍ വിവാഹ ബന്ധം വേര്‍പിരിയുന്നത് വര്‍ധിച്ചു വരികയാണ്. ഇവര്‍ക്കിടയില്‍ ഗാര്‍ഹിക പീഡനവും സൈബര്‍ കുറ്റ കൃത്യങ്ങളും വര്‍ധിക്കുന്നു.

കുടുംബ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനു മുന്‍പേ പരിഹാരം കണ്ടെത്തുന്നതിന് ജാഗ്രതാ സമിതികള്‍ക്കുള്ള പരിശീലനം നടന്നു വരികയാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. സ്‌കൂളുകളിലും കോളജുകളിലും തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് തലത്തിലുമായി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് കമ്മിഷന്‍ ബോധവത്ക്കരണം നല്‍കി വരുന്നുണ്ട്.


വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെ വിവാഹത്തിന് മുന്‍പും ശേഷവുമുള്ള കൗണ്‍സിലിംഗ് നല്‍കി വരുന്നുണ്ട്. വിവാഹ രജിസ്‌ട്രേഷന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവാഹ പൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ ജാഗ്രതാ സമിതികള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് നടത്തുന്നത്. ജില്ലയില്‍ കമ്മീഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണവും കുറവാണെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രോത്സാഹനമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു.

ആദ്യത്തെ അവാര്‍ഡ് നേടിയത് കാസര്‍കോട് ജില്ലാപഞ്ചായത്തിന്റെ ജാഗ്രതാ സമിതിയാണ്. ഈവര്‍ഷം അവാര്‍ഡ് തുക 50,000 രൂപയാക്കിയിട്ടുണ്ട്.
സിറ്റിംഗില്‍ 21 പരാതികള്‍ പരിഗണിച്ചു. ആറ് പരാതികള്‍ തീര്‍പ്പാക്കി.

15 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. ഗാര്‍ഹിക പീഡനം, വഴി തര്‍ക്കം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡി.എന്‍.എ ടെസ്റ്റ് നടത്തുന്നതിന് നിയമ സഹായം തുടങ്ങിയ വയാണ് സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തിയതെന്ന്് കമ്മിഷന്‍ അംഗം പറഞ്ഞു. അഡ്വ. ഇന്ദിരാവതി, വനിതാ സെല്‍ എസ്.എച്ച്.ഒ വി.സീത, എ.എസ്.ഐ പി.ജെ.സക്കീന, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍, കമ്മീഷന്‍ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരന്‍, പി.ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button