FeaturedHome-bannerKeralaNews

ലഹരിക്കടത്ത് കേസ്: ഷാനവാസിനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ സിപിഎം കൗൺസിലർ ഷാനവാസിനെതിരെ പൊലീസിന് പരാതി നൽകി യൂത്ത് കോൺഗ്രസ്. കേരളത്തിൽ ലഹരി വിതരണം ചെയ്യുന്ന മാഫിയാ സംഘം ആലപ്പുഴ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകിയത്. ഷാനവാസിൻ്റെ പിറന്നാൾ ആഘോഷിക്കാൻ ലഹരിക്കടത്തുകാര്‍ ഒത്തുചേര്‍ന്ന ക്യാബിനറ്റ് സ്പോര്‍ട്സ് സിറ്റിക്ക് ലഹരി മാഫിയയുമായുള്ള ബന്ധം അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.   

 പാൻമസാല ശേഖരം പിടികൂടിയ ലോറിയുടെ ഉടമകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ലോറിയുടമകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണമുയരുന്നതിനിടെയാണ് ചോദ്യം ചെയ്യൽ. വാഹനം വാടകക്ക് നൽകിയിരിക്കുകയാണെന്ന് ഷാനവാസ് പൊലീസിനോടും ആവർത്തിച്ചു. ഇത് സംബന്ധിച്ച രേഖകളും കൈമാറി. മുദ്രപത്രം തയ്യാറാക്കിയ ആളുടേയും സ്റ്റാന്പ് നൽകിയ വ്യക്തിയുടേയം മൊഴി പൊലീസെടുത്തു. കരാ‍ർ രേഖകൾ വ്യാജമായി ചമച്ചതാണോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. 

വാഹനം വാടകക്ക് എടുത്തെന്ന് പറയപ്പെടുന്ന കട്ടപ്പന സ്വദേശിയായ ജയനേയും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ജയനെ നേരത്തെ പരിചയമില്ലെന്നാണ് ലോറിയുടമകൾ പൊലീസിന് നൽകിയ മൊഴി. ജയനാണ് പാൻമസാല കടത്തിയതെങ്കിൽ ഷാനവാസിന്റെ സുഹൃത്തായ അൻസറിന്റെ ലോറിയിലും എങ്ങനെ ലഹരി ഉത്പന്നങ്ങൾ എത്തിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 

ഇതുസംബന്ധിച്ച് ഉടമകൾ നൽകിയ മൊഴിയിലും വ്യക്തതക്കുറവുണ്ട്. ആവശ്യമെങ്കിൽ വാഹനയുടമകളെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം ലഹരി ഉത്പന്നങ്ങൾ കടത്താൻ ഇത്രയധികം പണം എവിടുന്ന് കിട്ടിയെന്ന  അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് പിടിയിലായവർ ഇതുവരെയും മറുപടി നൽകിയിട്ടില്ല. ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ച് ഇത് കണ്ടെത്താമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button