തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പിൽ കൂടുതൽ പരിഷ്കാരത്തിന് ഒരുങ്ങി മന്ത്രി കെ.ബി. ഗണേഷ്‌കുമാർ, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്‌സ് പരീക്ഷയിലും മാറ്റം നടപ്പാക്കാനാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച സൂചനകൾ കഴിഞ്ഞ ദിവസം ഗണേഷ് കുമാർ നൽകിയിരുന്നു.
ലേണേഴ്‌സ് പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണേഴ്‌സ് ടെസ്റ്റ് പാസാകാൻ കഴിയും. എന്നാൽ ഇനി മുതൽ ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30 ആക്കി ഉയർത്തിയേക്കും.
കൂടാതെ 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാൽ മാത്രമേ പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഒരു ദിവസം ഒരു ഓഫീസിൽ നിന്ന് ഇരുപതിലധികം ലൈസൻസ് അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ചെലവിൽ കെഎസ്ആർടിസി ഡ്രെെവിംഗ് സ്കൂളുകൾ വരാൻ പോകുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഡ്രെെവിംഗ് പരിശീലനവും ലെെസൻസിനുള്ള ടെസ്റ്റും നടത്തുന്ന തരത്തിലായിരിക്കും സ്കൂൾ നടത്തുക. ഇത്തരത്തിൽ കെഎസ്ആർടിസി ഡ്രെെവിംഗ് സ്കൂളുകൾ സംസ്ഥാനത്ത് ആരംഭിച്ചാൽ അത് മറ്റ് സ്വകാര്യ ഡ്രെെവിംഗ് സ്കൂളുകൾക്ക് ഇത് ഒരു വെല്ലുവിളിയാകും.
കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലായിരിക്കും ഡ്രെെവിംഗ് സ്കൂൾ തുടങ്ങുക. 23 സ്ഥലങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യം ഡ്രെെവിംഗ് സ്കൂൾ മലപ്പുറത്ത് തുടങ്ങനാണ് ആലോചന.
രണ്ട് മാസത്തിനുള്ളിൽ 10 സ്കൂളുകൾ തുടങ്ങാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ആധുനിക സൗകര്യങ്ങളുള്ള സ്കൂളായിരിക്കും തുടങ്ങുക. കാറും ജീപ്പും തുടങ്ങി ലെെറ്റ് മോട്ടോർ വാഹനങ്ങളായിരിക്കും പഠിപ്പിക്കുക. കെഎസ്ആർടിസിയിലെ ഡ്രെെവർമാർക്ക് ഇതിനായി പരിശീലനം നൽകും.
ഈ കേന്ദ്രത്തിൽ വച്ച് തന്നെ ലെെസൻസിനുള്ള ടെസ്റ്റും നടത്താനുള്ള ആലോചനയുണ്ട്. അങ്ങനെ പരിശീലനം മുതൽ ലെെസൻസ് വരെയുള്ള സേവനമാണ് കെഎസ്ആർടിസി ഡ്രെെവിംഗ് സ്കൂളിന്റെ വാഗ്ദാനം. പുതുക്കിയ ഡ്രെെവിംഗ് ടെസ്റ്റ് തുടങ്ങുന്ന ഏപ്രിൽ ഒന്നിന് മുൻപ് ഇത് നടപ്പാക്കും. അതിനായി വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.