കൊല്ലം: എംഡിഎംഎയുമായി ദമ്പതികളടക്കം 4 പേർ പിടിയിൽ. കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (23), ഇയാളുടെ ഭാര്യ ബിൻഷ (21), കിളികൊല്ലൂർ കല്ലുംതാഴം പാൽക്കുളങ്ങര കാവടി നഗർ മനീഷയിൽ അവിനാശ് (28), വടക്കേവിള പുന്തലത്താഴം പുലരി നഗർ–3 ഉദയ മന്ദിരത്തിൽ അഖിൽ ശശിധരൻ (22) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
കിളികൊല്ലൂരിൽ ലോഡ്ജിൽ താമസിച്ചിരുന്ന പ്രതികളുടെ പക്കൽ നിന്നു 23 ഗ്രാം എംഡിഎംഎയും 1,30,000 രൂപയും പൊലീസ് കണ്ടെടുത്തു. പിടിയിലായ അജുവിനെതിരെ മുൻപും സമാന കുറ്റത്തിനു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കിളികൊല്ലൂർ മേഖലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കു വിൽപന നടത്താൻ എത്തിച്ച ലഹരിയാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.
സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശപ്രകാരം കഴിഞ്ഞ ഒരു മാസത്തോളമായി നർക്കോട്ടിക് സെൽ അസി. കമ്മിഷണർ സക്കറിയ മാത്യുവിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം സിറ്റി പരിധിയിലെ ലഹരി വ്യാപാരത്തെക്കുറിച്ചു രഹസ്യ അന്വേഷണം നടത്തുകയായിരുന്നു. ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കും ഡിജെ പാർട്ടികൾക്കും മറ്റും എംഡിഎംഎ വിതരണം ചെയ്യാൻ സംഘം പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ ആഡംബര കാറുകളിലും ബൈക്കുകളിലും കറങ്ങി ആവശ്യക്കാർക്കു പറയുന്ന സ്ഥലങ്ങളിൽ ലഹരി എത്തിച്ചുകൊടുക്കുന്നതാണ് സംഘത്തിന്റെ രീതി. പ്രതികൾക്ക് ഇതരസംസ്ഥാന ലഹരിമരുന്നു സംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സ്ത്രീകളെ മറയാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നത്.