‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയി’ പാട്ടുംപാടി ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
തിരുവനന്തപുരം: കുട്ടികളുമായി പോയ വാഹനം ഓടിക്കുന്നതിനിടെ ഒരു കൈയ്യില്‍ മൈക്ക് പിടിച്ച് പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. പെരുമ്പാവൂര്‍ സ്വദേശി നിഖില്‍ മോന്റെ ലൈസന്‍സാണ് ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്. കാഞ്ഞങ്ങാട്ടേക്കു കുട്ടികളെ കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ മൈക്കില്‍ പാട്ടുപാടിയത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്’ എന്ന കുറിപ്പോടെയാണ് പോലീസ് വിവരം പങ്കുവച്ചത്.
ഡ്രൈവര്‍ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോയും പോലീസ് പോസ്റ്റ് ചെയ്തു. പ്രണയവര്‍ണങ്ങള്‍ എന്ന സിനിമയിലെ ആരോ വിരല്‍ മീട്ടി എന്ന പാട്ടാണു ഡ്രൈവര്‍ പാടുന്നത്. ഇടത്തേകൈയില്‍ സ്റ്റിയറിംഗ് വീല്‍ പിടിച്ച് വലത്തേകെയില്‍ മൈക്ക് പിടിച്ചു കൊണ്ടാണു പാട്ട്. വിനോദയാത്രയ്ക്ക് പോയ കുട്ടികള്‍ ഓടുന്ന ബസിന്റെ ഗിയര്‍മാറ്റി മാറ്റിയ സംഭവത്തില്‍ ഡൈവര്‍ക്കെതിരെ പോലീസ് നടപടിയെടുത്തിരുന്നു. വയനാട് കല്‍പ്പറ്റ സ്വദേശിയായ എം. ഷാജി എന്നയാളുടെ ലൈസന്‍സ് ആറ് മാസത്തേക്കാണു സസ്‌പെന്‍ഡ് ചെയ്തത്.