കൊച്ചി: മലയാള സിനിമയിൽ സസ്പെൻസിന്റെ പുത്തൻ ചരിത്രമെഴുതിയ ജോർജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായ ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തും. ‘ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കുന്നില്ല’ എന്ന ദുരൂഹതയുണർത്തുന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്.
റിലീസ് പ്രഖ്യാപനം വന്നതോടെ സോഷ്യൽ മീഡിയയിലടക്കം വലിയ ആവേശമാണ് പ്രകടമാകുന്നത്. വരുണിന്റെ കൊലപാതകത്തിൽ ജോർജുകുട്ടിയും കുടുംബവും ഇത്തവണ കുടുങ്ങുമോ അതോ നാലാം ക്ലാസുകാരന്റെ ബുദ്ധിയിൽ വിരിയുന്ന പുതിയ തന്ത്രങ്ങൾ രക്ഷയാകുമോ എന്നതാണ് സിനിമാലോകത്തെ പ്രധാന ചർച്ചാവിഷയം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ രണ്ട് ഭാഗങ്ങളും ആഗോളതലത്തിൽ വൻ വിജയമായിരുന്നു. ആ ദൃശ്യമികവ് മൂന്നാം ഭാഗത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
കഴിഞ്ഞ വർഷം (2025) സെപ്റ്റംബർ 22നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. “ദൃശ്യം ഒന്നും രണ്ടും മനസ്സിലേറ്റിയ പ്രേക്ഷകർ മൂന്നാം ഭാഗവും നെഞ്ചേറ്റട്ടെ” എന്നായിരുന്നു ചിത്രീകരണം തുടങ്ങിയപ്പോൾ മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്‌തർ അനിൽ എന്നിവർ ജോർജുകുട്ടിയുടെ കുടുംബമായി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ എന്നിവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ടാകും.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളം പതിപ്പ് ഏപ്രിലിൽ എത്തുമ്പോൾ, ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായി ആരാധകർ 2026 ഒക്ടോബർ രണ്ട് വരെ കാത്തിരിക്കേണ്ടി വരും. ജോർജുകുട്ടിയുടെ അവസാന ഊരാക്കുടുക്ക് അഴിക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കി.
The legendary Georgekutty and his family are returning to the big screen. The highly anticipated final installment of the Drishyam franchise, Drishyam 3, is set to hit theaters on April 2nd. Featuring the mysterious tagline “The past never remains silent,” the film aims to bring a definitive end to the saga. Directed by Jeethu Joseph and starring Mohanlal, this conclusion to the iconic thriller series is expected to settle the long-standing mystery once and for all.


