ചണ്ഡിഗഢ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പഞ്ചാബിൽ നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ ഉയർന്നുകേട്ട സുഖ്ജിന്ദർ സിങ് രൺധാവയ്ക്ക് പകരം ചരൺജിത്ത് സിങ് ചന്നി മുഖ്യമന്ത്രിയാവും. സംസ്ഥാന ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി ചരൺജിത്ത് സിങ് ചന്നി മാറും.
സുഖ്ജിന്ദർ സിങ് രൺധാവ മുഖ്യമന്ത്രിയാവുമെന്ന് ഏതാണ്ട് ഉറപ്പിച്ച ശേഷമാണ് ചരൺജിത്ത് സിങ് ചന്നിയുടെ പേര് അപ്രതീക്ഷിതമായി ഉയർന്നുവന്നത്. സമവായം എന്ന നിലയിലേക്കാണ് ദളിത് നേതാവായ ചന്നിയിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്നാണ് റിപ്പോർട്ട്. നിയമസഭ കക്ഷിയോഗം നേതാവായി ചന്നിയെ തിരഞ്ഞെടുത്തു. ഹരീഷ് റാവത്ത് ഔദ്യോഗികമായി ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.
എ.ഐ.സി.സി നിരീക്ഷകരായ ഹരീഷ് റാവത്ത് അടക്കമുള്ളവർ നേരത്തെ എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുഖ്ജിന്ദർ സിങ് രൺധാവയെ മുഖ്യമന്ത്രിയാക്കുന്നതിൽ പി.സി.സി അധ്യക്ഷൻ സിദ്ദുവിനുള്ള എതിർപ്പാണ് ചരൺജിത്ത് സിങിലേക്ക് എത്താൻ ഹൈക്കമാന്റിനെ പ്രേരിപ്പിച്ചത്.
ചന്നിയും മറ്റ് മുതിർന്ന നേതാക്കളും ഗവർണറെ കാണും. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ കൂടിക്കാഴ്ചയിൽ തീരുമാനമാകും.