തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ, കേരളത്തിലെ അതിപ്രഗത്ഭയായ ഫൊറന്‍സിക് വിഭാഗം ഡോക്ടര്‍, സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിലെ നിര്‍ണായക സാക്ഷി എന്നീ നിലകളില്‍ പ്രശസ്തി നേടിയിട്ടും സ്വകാര്യ ജീവിതം ഒരിക്കല്‍ പോലും പരസ്യപ്പെടുത്താതെയാണ് ഡോ. രമ വിടവാങ്ങിയത്.
പ്രമാദമായ കേസുകളിലെ ഫൊറന്‍സിക് തെളിവുകള്‍ പുറത്തുവരുമ്പോള്‍ ഡോ. രമയുടെ പേര് പലവട്ടം വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, സ്വന്തം മുഖം വാര്‍ത്തകളില്‍ വരാതിരിക്കാന്‍ ഡോ. രമ ഏറെ ശ്രദ്ധിച്ചു. സിസ്റ്റര്‍ അഭയ കേസുമായി ബന്ധപ്പെട്ട ചര്‍ച്ച നിറഞ്ഞു നില്‍ക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പലതവണ ശ്രമിച്ചിട്ടും ഒരു അഭിമുഖം നല്‍കാനോ ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നിലെത്താനോ രമ തയ്യാറായില്ല.
ഒരിക്കലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ ഇഷ്ടപ്പെടാത്ത ആളായിരുന്നു രമ. ഭര്‍ത്താവിന്റെ പ്രശസ്തി അലങ്കാരമായി സ്വീകരിക്കാത്ത എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. ആ ഒരു ഓര്‍മ്മയാണ് ഡോ.സുല്‍ഫി നൂഹു പങ്കുവയ്ക്കുന്നത്.
ജഗദീഷ് കോന്‍?
എണ്‍പതുകളുടെ മധ്യകാലഘട്ടത്തില്‍ രമ മാഡത്തിനെ കോളേജില്‍ ഡ്രോപ്പ് ചെയ്യാന്‍ സ്‌കൂട്ടറില്‍ വരുന്ന ശ്രീ ജഗദീഷിനെ കാണുന്ന ഞങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇങ്ങനെ പറയുമായിരുന്നു.
”ജഗദീഷ്”!
പെട്ടെന്ന് ഹാങ്ങ്ഔട്ട് സാമ്രാജ്യത്തിന്റെ മൂലയില്‍ നിന്നും ഒരു ഹിന്ദി ചോദ്യം.
”ജഗദീഷ് കോന്‍?”
നോര്‍ത്തിന്ത്യന്‍ സഹപാഠിയുടെ സ്വാഭാവികമായ റെസ്‌പോണ്‍സ്. മലയാളത്തിലെ വലിയ താരമാണെന്ന് പറഞ്ഞപ്പോള്‍ നോര്‍ത്തിന്ത്യന്‍ സഹപാഠി ഇങ്ങനെ കൂടെ പറഞ്ഞു വച്ചു.
”എന്റെ നാട്ടിലാണെങ്കില്‍ നടനെക്കാള്‍ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം”
ഭര്‍ത്താവിന്റെ പ്രശസ്തിയുടെ ചിറകിലേറി വിരാജിക്കുവാനുള്ള എല്ലാ സാധ്യതകളും സവിനയം തിരസ്‌കരിച്ച് സ്വന്തം ജോലിയില്‍ മാത്രം മുഴുകി അസംഖ്യം മികച്ച ഡോക്ടര്‍മാരെ സൃഷ്ടിച്ച, സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ വൈദ്യശാസ്ത്ര അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ മാതൃകാ വനിത.
രമ മാഡം. ഒരു മില്യന്‍ ആദരാഞ്ജലികള്‍. പ്രശസ്തിക്കു വേണ്ടി എന്തും ചെയ്തുകൂട്ടുന്ന എന്ത് ഭാഷയും ഉപയോഗിക്കുന്ന പലര്‍ക്കും മാഡം ഒരു മാതൃകയാണ്. മാതൃകയാവണം. ഞങ്ങളുടെ തലമുറയിലെ, മുന്‍ തലമുറയിലെ, ഇപ്പോഴത്തെ തലമുറയിലെ, ഒരായിരം പേരുടെ,
ഒരു മില്യന്‍ ആദരാഞ്ജലികള്‍!
ഡോ സുല്‍ഫി നൂഹു