മലപ്പുറം: താനൂരിലെ കസ്റ്റഡി മരണത്തിൽ താൻ തയ്യറാക്കിയ പോസ്റ്റ്മാർട്ടം റിപ്പേർട്ടിൽ പൂർണ്ണബോധ്യമുണ്ടെന്ന് ഡോ ഹിതേഷ് ശങ്കർ. സത്യസന്ധമായി ജോലി ചെയ്യാൻ പൊലീസ് അനുവദിക്കില്ലെന്നാണോയെന്നും അതോ തന്റെ വായടപ്പിക്കാനാണോ അരോപണമെന്നും അദ്ദേഹം ചോദിച്ചു.
താനൂരിലെ കസ്റ്റഡി മരണത്തിൽ തനിക്കെതിരായ പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് നേരത്തെ ഡോ ഹിതേഷ് ശങ്കർ പറഞ്ഞിരുന്നു. സയിന്റിഫിക്ക് റിപ്പേർട്ട് വന്നാലെ പോസ്റ്റ്മാർട്ടം റിപ്പേർട്ട് നൽകാവു എന്നില്ലെന്നും പോസ്റ്റ്മാർട്ടം പരിശോധന ശാസ്ത്രീയമാണെന്നും ഡോക്ടർക്ക് തോന്നുന്നത് എഴുതിച്ചേർക്കാൻ കഴിയില്ലെന്നും ഹിതേഷ് ശങ്കർ പറഞ്ഞു. ഞാൻ മാത്രമല്ല മറ്റ് 3 ഡോക്ടർമാരും കൂടെ ചേർന്നാണ് പോസ്റ്റ്മാർട്ടം നടത്തിയതെന്നും ഡോ ഹിതേഷ് ശങ്കർ പറഞ്ഞു.
മൃതദേഹത്തിലെ പരിക്കുകൾ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് കാണിച്ചു കൊടുത്തിരുന്നു. പോസ്റ്റ്മാർട്ടം നടപടികൾ എല്ലാം വീഡിയോയിൽ പകർത്തിയതാണ്. റിപ്പോർട്ടിൽ തെറ്റുണ്ടെങ്കിൽ നേരിട്ട് ചോദിക്കണമെന്നും അല്ലാതെ മാധ്യമങ്ങളിലൂടെ അരേപണമുന്നയിക്കുകയല്ല വേണ്ടതെന്നും ഡോ ഹിതേഷ് ശങ്കർ പറഞ്ഞു.
എന്റെ ഈ റിപ്പോർട്ട് അവിശ്വസിക്കുമ്പോൾ ഞാൻ ചെയ്ത 5000 ലധികം പോസ്റ്റ്മോർട്ടം എന്ത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രതിക്കനുസരിച്ച് റിപ്പോർട്ട് തയാറാക്കുന്ന രീതി എനിക്കില്ലെന്നും വിലകുറഞ്ഞ ആരോപണങ്ങൾ ഉയർത്തി ഡോക്ടർമാരെ സമ്മർദ്ദത്തിലാക്കിയാൽ എങ്ങനെ നീതി നടപ്പാക്കുമെന്നും വിവാദം അനാവശ്യമാണെന്നും ഡോ ഹിതേഷ് ശങ്കർ പറഞ്ഞു.
പൊലീസ് പ്രതിയായാൽ എന്തും ചെയ്യാമെന്നാണോയെന്നും ഞാൻ പൊലീസിന്റെ കാലുപിടിക്കാൻ പോയിട്ടില്ലെന്നും അന്ന് തൃശൂരിൽ എസ് ഐ ആയിരുന്നു ഇന്ന് തിരൂർ എസ് എച്ച് ഓയാണെന്നും അദ്ദേഹം ചെയ്യുന്ന പോലെയാണ് എല്ലാവരും എന്ന് കരുതുന്നുവെന്നും ഹിതേഷ് ശങ്കർ പറഞ്ഞു. രണ്ടാം ദിവസം പോസ്റ്റുമാർട്ടം റിപ്പോർട്ട് കൊടുത്തതാണെന്നും എസ് പി വന്ന് കണ്ടിരുന്നെന്നും എന്നാൽ അതിന് പോസ്റ്റുമാർട്ടം റിപ്പേർട്ടുമായി ബന്ധമില്ലെന്നും ഹിതേഷ് ശങ്കർ പറഞ്ഞു.