പത്തനംതിട്ട: ആറാം വയസിൽ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച പോക്സോ നിയമം സംബന്ധിച്ച പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തപ്പോഴാണ് ആറാം വയസിൽ തനിക്ക് നേരിടേണ്ടി വന്ന അതിക്രമകഥ അവർ വിവരിച്ചത്.
രണ്ടു പുരുഷന്മാരിൽ നിന്നുമാണ് ഇങ്ങനെ ഒരു അതിക്രമം ഉണ്ടായത്. അവർ ആരായിരുന്നുവെന്ന് തനിക്കറിയില്ല. പക്ഷേ, അവരുടെ മുഖം ഇപ്പോഴും ഞാൻ ആൾക്കൂട്ടത്തിൽ തിരയാറുണ്ട്. ആ മുഖങ്ങൾ ഒരിക്കലും മറക്കില്ല. അതിന് ശേഷം എനിക്കവരെ കാണാൻ കഴിഞ്ഞിട്ടില്ല. ചെറുപുഞ്ചിരേേിയാടെയാണ് കലക്ടർ മനസ് തുറന്നത്.
വാൽസല്യത്തോടെയാണ് അവർ അടുത്തു വന്നത്. ഒരു ആറു വയസുകാരിയോട് കാണിക്കുന്ന വാൽസല്യമെന്നേ കരുതിയുള്ളൂ. പക്ഷേ, അവർ എന്റെ ഡ്രസ് അഴിക്കാൻ ശ്രമിച്ചപ്പോൾ എനിക്കെന്തോ വല്ലായ്മ തോന്നി. എന്തോ സംഭവിക്കാൻ പോകുന്നതു പോലെ. അവിടെ നിന്നും ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു.
എന്റെ മാതാപിതാക്കൾ എനിക്ക് തന്ന സപ്പോർട്ട് കൊണ്ട് മാനസികമായ ബലം നേടാൻ കഴിഞ്ഞു. ആറു വയസുകാരിക്ക് അന്നൊന്നും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ഇന്നിപ്പോൾ ഇത് പറയുമ്പോൾ എനിക്ക് നാണക്കേട് തോന്നുന്നുണ്ട്. അത് അന്നേ തിരിച്ചറിയേണ്ടതായിരുന്നു. അതിന് കഴിയാതെ പോയത് ഓർത്താണ് ഞാൻ നാണിക്കുന്നത്.
കുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിച്ച് വരുന്ന കാലമാണ്. ചെറുപ്രായത്തിലുള്ള കുട്ടികൾക്ക് ഇതൊന്നും തിരിച്ചറിയാൻ കഴിയുന്നില്ല. ബാഡ് ടച്ച് എന്താണെന്ന് നമ്മുടെ കുട്ടികളെ നാം ബോധവാന്മാരും ബോധവതികളുമാക്കണമെന്നും ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു.