NationalNewsPolitics

പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്? ‘മഞ്ഞുമലയുടെ അറ്റ’മെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗ്

അമൃത്സര്‍:പഞ്ചാബില്‍ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് കളം മാറിച്ചവിട്ടുമെന്ന് സൂചന. ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കളെങ്കിലും പാര്‍ട്ടിയില്‍ നിന്ന് ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചുവെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. പാര്‍ട്ടിയിലെ അസംതൃപ്തരുമായി ചര്‍ച്ച നടത്താന്‍ സുനില്‍ ഝാക്കറിനെ നിയോഗിച്ചിരിക്കുകയാണ് ബിജെപി. ഇപ്പോഴത്തെ ഈ കൊഴിഞ്ഞുപോക്ക് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു.

ബല്‍ബീര്‍ എസ് സിദ്ദു, ഗുര്‍പ്രീത് എസ് കംഗാര്‍, ഡോ. രാജ് കുമാര്‍ വെര്‍ക, സുന്ദര്‍ ശാം അറോറ, കെവാല്‍ സിംഗ് ധില്ലന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. ഇതില്‍ നാല് പേര്‍ മുന്‍മന്ത്രിമാരാണ്. ഇവര്‍ക്കെല്ലാം ആശംസകള്‍ നേര്‍ന്നു ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവ് സുനില്‍ ഝാക്കറുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെല്ലാവരും.

മൊഹാലിയില്‍ നിന്ന് മൂന്ന് വട്ടം വിജയിച്ച എംഎല്‍എയാണ് ബല്‍ബീര്‍ സിദ്ദു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ ആരോഗ്യമന്ത്രിയുമായിരുന്നു. ഗുര്‍ദീപ് കംഗറാകട്ടെ, രാംപുര ഫുലില്‍ മൂന്ന് വട്ടം ജയിച്ച എംഎല്‍എയാണ്. മുന്‍ റവന്യൂമന്ത്രിയുമാണ്.

ഡോ. രാജ് കുമാര്‍ വെര്‍കയാകട്ടെ, മാഝ മേഖലയില്‍ നിന്നുള്ള പ്രമുഖ ദളിത് നേതാവാണ്. മൂന്ന് തവണ ഇവിടെ നിന്ന് എംഎല്‍എയായിരുന്ന വെര്‍ക, അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ സാമൂഹ്യനീതി, ന്യൂനപക്ഷ മന്ത്രിയുമായിരുന്നു. സുന്ദര്‍ ശാം അറോറ, ഹോഷിയാര്‍പൂരില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ വ്യവസായമന്ത്രിയായിരുന്നു അറോറ. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഈ നാല് നേതാക്കളും തോറ്റിരുന്നു.

നേതാക്കള്‍ കോണ്‍ഗ്രസിന് ഭാവിയില്ലെന്ന പ്രതികരണവുമായാണ് പടിയിറങ്ങിയത്. അതേ സമയം പുതിയ മേച്ചില്‍ പുറത്തിനായി അമ്മയായ പാര്‍ട്ടിയെ നേതാക്കള്‍ ഒറ്റിയെന്നാണ് പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് വാറിംഗ് പ്രതികരിച്ചത്.

പാര്‍ട്ടിയിലെ തമ്മിലടിയെത്തുടര്‍ന്ന് കോണ്‍ഗ്രസിന് ഈ വര്‍ഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമായിരുന്നു. നേട്ടം കൊയ്തത് ആം ആദ്മി പാര്‍ട്ടിയാണ്. ഭഗവന്ത് മാനിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ വന്‍ വിജയം നേടി.

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഗാന്ധി കുടുംബമാണ് പാര്‍ട്ടിയിലെ തമ്മിലടിക്ക് കാരണമെന്നാരോപിച്ചാണ് അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടത്. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോണ്‍ഗ്രസിന് തുടര്‍ഭരണം ഉറപ്പായിരുന്നെന്നും, തന്നെ മാറ്റി ഛന്നിയെ മുഖ്യമന്ത്രിയാക്കിയതിനെത്തുടര്‍ന്നാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയതെന്നും അമരീന്ദര്‍ സിംഗ് തുറന്നടിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button