ഐപിഎല്ലില്‍ ഇന്ന് ഇരട്ട പോരാട്ടങ്ങള്‍. വൈകുന്നേരം 3.30നും രാത്രി 7.30നുമാണ് മത്സരങ്ങള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് വൈകുന്നേരത്തെ മത്സരം. ഡല്‍ഹി-പഞ്ചാബ് ടീമുകള്‍ രാത്രി നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടും. ഐപിഎല്‍ സീസണിലെ ആദ്യ ഡബിള്‍ ഹെഡറാണ് ഇന്ന്.
ആര്‍സിബിക്ക് പരിചിതമല്ലാത്ത ഒരു പൊസിഷനിലാണ് അവര്‍ നിലവില്‍ നില്‍ക്കുന്നത്. പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനം (ഇന്നലെ വരെ ഒന്നാമത്), ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഒരേയൊരു ടീം എന്നീ വിശേഷണങ്ങള്‍ ആര്‍സിബിക്ക് അപൂര്‍വതയാണ്. രണ്ട് മത്സരങ്ങളേ കളിച്ചിട്ടുള്ളൂ എങ്കിലും കഴിഞ്ഞ സീസണുകളില്‍ കണ്ടതിനെക്കാള്‍ ബാലന്‍സ് ടീമിനു തോന്നുന്നുണ്ട്.
ടി-20 ബൗളര്‍ എന്ന ടാഗ് ലൈനിലേക്ക് കൃത്യമായി പരകായ പ്രവേശം നടത്തിയ മുഹമ്മദ് സിറാജ് ആര്‍സിബിക്ക് നല്‍കുന്ന കോണ്‍ഫിഡന്‍സ് അപാരമാണ്. അതുകൊണ്ട് തന്നെ കോലിക്ക് തന്റെ തന്ത്രങ്ങള്‍ കൃത്യമായി നടപ്പാക്കാനും കഴിയുന്നു. ആ ക്യാപ്റ്റന്‍സിയുടെ ഗുണവും കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കണ്ടു. മുന്‍പ് കളിച്ച രണ്ട് കളിയും നടന്ന അതേ പിച്ചില്‍, ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്നത്തെയും മത്സരം. അതുകൊണ്ട് തന്നെ ആര്‍സിബി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. കഴിഞ്ഞ മത്സരങ്ങള്‍ കളിച്ചതു പോലെ തന്നെ കളിച്ചാല്‍ വിജയിക്കാം.
കൊല്‍ക്കത്തയും ചെന്നൈയില്‍ തന്നെയാണ് രണ്ട് മത്സരങ്ങളും കളിച്ചത്. ഒരു കളി ജയിച്ചു, ഒരു കളി പരാജയപ്പെട്ടു. രണ്ട് കളിയിലെയും മാര്‍ജിന്‍ 10 റണ്‍സാണ്. അഡ്രസ് ചെയ്യേണ്ട പ്രശ്‌നങ്ങള്‍ കൊല്‍ക്കത്തയിലും ഇല്ല. നിതീഷ് റാണയുടെ ഫോം ആണ് കൊല്‍ക്കത്തയുടെ പ്ലസ് പോയിന്റ്. കഴിഞ്ഞ സീസണിലെ പ്രകടനങ്ങളില്‍ നിന്ന് പുരോഗതി പ്രാപിച്ച് ടി-20 ബൗളറെന്ന പരിണാമത്തിലേക്കെത്തുന്ന കമ്മിന്‍സും കൊല്‍ക്കത്തയുടെ സാധ്യതകള്‍ക്ക് കരുത്താകുന്നു. എങ്കിലും താളം കണ്ടെത്താന്‍ കഴിയാത്ത മധ്യനിര തലവേദനയാണ്. മോര്‍ഗന്‍, ഷാക്കിബ്, കാര്‍ത്തിക്, റസല്‍ എന്നിങ്ങനെ കരുത്തുറ്റ മധ്യനിരയാണെങ്കിലും രണ്ട് മത്സരങ്ങളിലും കാര്‍ത്തിക് ഒഴികെ മറ്റാരും തിളങ്ങിയില്ല. അത് പരിഹരിച്ചാല്‍ കൊല്‍ക്കത്തയ്ക്കും സാധ്യതയുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ട് കളി കളിച്ചു. ഒന്നില്‍ ജയിച്ചു, മറ്റൊന്നില്‍ തോറ്റു. ഋഷഭ് പന്തിന്റെ ഫോം ആണ് ഡല്‍ഹിയുടെ കരുത്ത്. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നീ ഓപ്പണര്‍മാരും മികച്ചുനില്‍ക്കുന്നു. മാര്‍ക്കസ് സ്റ്റോയിനിസിന്റെ മോശം ഫോം പ്രശ്‌നമാണ്. ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയും ആശങ്കയാണ്. കരുത്തുന്ന ബാറ്റിംഗ് നിരയുള്ള ഡല്‍ഹിക്ക് അവര്‍ ഫോമായാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂ. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞതിനാല്‍ ആന്റിച് നോര്‍ക്കിയ ടീമിനൊപ്പം ചേര്‍ന്നേക്കും. ടോം കറന്‍ പുറത്തിരിക്കും. റബാഡ, വോക്‌സ്, നോര്‍ക്കിയ എന്നിവരുടെ അപകടം നിറഞ്ഞ ഓവറുകള്‍ ഫലപ്രദമായി കളിക്കുക എന്നതാവും എതിര്‍ ടീമിന്റെ വെല്ലുവിളി.
ആദ്യ കളിയില്‍ ആദ്യം ബാറ്റ് ചെയ്തു, അടിച്ചത് 221. കഷ്ടിച്ച് ജയിച്ചു. രണ്ടാമത്തെ കളിയിലും ആദ്യം ബാറ്റ് ചെയ്തു, അടിച്ചത് 106 റണ്‍സ്. കളി തോറ്റു. രണ്ടറ്റങ്ങളില്‍ നില്‍ക്കുന്ന ബാറ്റിംഗ് പ്രകടനങ്ങളാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പഞ്ചാബ് കാഴ്ച വച്ചത്. അതുകൊണ്ട് തന്നെ, ബാറ്റിംഗ് നിരയെ മാറ്റിപ്പരീക്ഷിക്കേണ്ടതില്ല. ലോകേഷ് രാഹുല്‍ തന്നെയാണ് സ്റ്റാര്‍ പ്ലയര്‍. അഗര്‍വാള്‍, ഗെയില്‍, പൂരാന്‍, ഹൂഡ എന്നിങ്ങനെ കരുത്തര്‍ പിന്നാലെ. മെരെഡിത്ത്, റിച്ചാര്‍ഡ്‌സണ്‍ കോംബോ ആദ്യ കളിയില്‍ തല്ലുവാങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. അതുകൊണ്ട് തന്നെ ക്രിസ് ജോര്‍ഡന്‍ ഇന്നും പുറത്തിരിക്കും. മുരുഗന്‍ അശ്വിനു പകരം രവി ബിഷ്‌ണോയ് കളിച്ചേക്കാം.