ജമ്മു: ജമ്മു വിമാനത്താവളത്തില്‍ സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്‌ഫോടനമുണ്ടായത്. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌ഫോടനത്തില്‍ രണ്ട് നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. അഞ്ച് മിനുറ്റ് വ്യത്യാസത്തില്‍ രണ്ട് തവണ സ്‌ഫോടനമുണ്ടായി. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. സാധാരണ വിമാനങ്ങളും ഇറങ്ങുന്ന ജമ്മു വിമാനത്താവളത്തില്‍ റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.
സ്‌ഫോടനത്തെ തുടര്‍ന്ന് ജമ്മുവില്‍ ജാഗ്രത മുന്നറിയിപ്പു നല്‍കി. സ്‌ഫോടനത്തില്‍ ജീവഹാനിയോ യന്ത്രങ്ങള്‍ക്ക് തകരാറോ സംഭവിച്ചിട്ടില്ലെന്നാണ് ഡിഫന്‍സ് പിആര്‍ഒ ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദ്ര ആനന്ദ് പറയുന്നത്.
പുലര്‍ച്ചെ 1.42 നാണ് സ്‌ഫോടന ശബ്ദം കേട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കിലോമീറ്റര്‍ അപ്പുറത്തേക്ക് ശബ്ദം കേള്‍ക്കാവുന്ന തരത്തിലുള്ളതായിരുന്നു സ്‌ഫോടനം. അതിനു പിന്നാലെ പോലീസും ഫോറന്‍സിക് വിദഗ്ദരുമുള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി.