തിരുവനന്തപുരം: വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍. മതം തെളിയിക്കുന്ന രേഖയോ മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടരുതെന്നും തദ്ദേശഭരണ രജിസ്ട്രാര്‍മാര്‍ക്കും രജിസ്ട്രാര്‍ ജനറല്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ചട്ടങ്ങളിലെ നിബന്ധനകള്‍ യഥാര്‍ത്ഥ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തടസമാകുന്നുവെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വിവാഹങ്ങളുടെ സാധുത നിര്‍ണയിക്കുന്നത് കക്ഷികളുടെ മതം നോക്കിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
2008 ലെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും മതഭേദമെന്യേ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും കരാര്‍ പ്രകാരമുണ്ടാക്കുന്ന ബന്ധം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് 2015 ല്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നു. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തദ്ദേശ രജിസ്ട്രാര്‍മാര്‍ മതം പരിഗണിച്ച് വ്യത്യസ്ത സമീപനമെടുക്കുന്നതായി സര്‍ക്കാരിന് പരാതി ലഭിച്ചു.
താല്‍ക്കാലിക വിവാഹം നിരുത്സാഹപ്പെടുത്താനായി ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയ നിബന്ധന യഥാര്‍ത്ഥ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തടസമാകുന്നുവെന്ന് ബോധ്യപ്പെട്ടതായി സര്‍ക്കാരിന് വ്യക്തമായി. തുടര്‍ന്നാണ് വിവാഹങ്ങളുടെ സാധുത നിര്‍ണയിക്കുന്നത് മതം അടിസ്ഥാനമാക്കിയല്ലെന്ന് തദ്ദേശഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
വിവാഹത്തിന്റെ സാധുത നിര്‍ണയിക്കാന്‍ തദ്ദേശ രജിസ്ട്രാര്‍മാര്‍ക്ക് അധികാരമില്ല. വിവാഹ രജിസ്ട്രേഷനായി നല്‍കുന്ന ഫോമില്‍ കക്ഷികളുടെ മതമോ വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതില്ല. വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തില്‍ കക്ഷികളുടെ ജനന തീയതി തെളിയിക്കുന്നതിനുള്ള അംഗീകൃത രേഖയും വിവാഹം നടന്നതിന്റെ തെളിവും നല്‍കിയാല്‍ മതി.
വിവാഹം നടന്നുവെന്നതിന്റെ തെളിവായി മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രം, അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍, എം.പി, എം.എല്‍.എ, തദ്ദേശഭരണ സ്ഥാപന അംഗം എന്നിവര്‍ നല്‍കുന്ന ഡികളറേഷനോ മതിയാകും. കക്ഷികളുടെ മതമേതെന്ന രേഖയോ മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടരുത്. ജനന തീയതിയും വിവാഹം നടന്നുവെന്ന് തെളിയിക്കുന്ന രേഖയുമുണ്ടെങ്കില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.