ന്യൂഡല്‍ഹി: ഗുണ്ടാത്തലവന്‍ അബുസലീമുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. “കോടതി എന്തു തീരുമാനമെടുക്കണമെന്ന് സർക്കാർ പഠിപ്പിക്കാൻ വരരുതെന്ന്’ എന്നായിരുന്നു കോടതിയുടെ വിമർശനം. മുംബൈ സ്ഫോടന പരമ്പരക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അബു സലിമിനെ തിരികെ പോർച്ചുഗലിനു വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു കേന്ദ്രത്തിനെതിരെ കോടതി ശക്തമായ നിലപാട് സ്വീകരിച്ചത്.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചില്‍ നിന്നാണ് കേന്ദ്രത്തിന് വിമശനം കേള്‍ക്കേണ്ടി വന്നത്. ‘പ്രശ്‌നം തീരുമാനിക്കാന്‍ ഞങ്ങളോട് പറയാന്‍ ആഭ്യന്തര സെക്രട്ടറി ആരുമല്ല – എന്നും ജഡ്ജി പറഞ്ഞു. എന്ത് പറയണമെന്ന കാര്യത്തില്‍ കേന്ദ്രത്തിന് വ്യക്തതയുണ്ടാകണമെന്നും സുപ്രീം കോടതി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ സത്യവാങ്മൂലത്തിലെ ‘ഉചിതമായ സമയത്ത് ഞങ്ങള്‍ തീരുമാനമെടുക്കും’ തുടങ്ങിയ വാക്യങ്ങള്‍ ഞങ്ങള്‍ക്ക് അംഗീകരിക്കുന്നില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു.
അബുസലിമിനെ ഇന്ത്യയ്ക്കു കൈമാറുമ്പോള്‍ പോര്‍ച്ചുഗലിനു നല്‍കിയ നയതന്ത്ര ഉറപ്പുകള്‍ പാലിക്കുന്ന കാര്യം 2030 ലാണ് പരിഗണനയില്‍ വരികയെന്നായിരുന്നു ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സുപ്രീം കോടതിക്കു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. ഇത് പരിഗണിച്ചുകൊണ്ടായിരുന്നു കോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. മറ്റ് രാജ്യങ്ങള്‍ക്ക് നയതന്ത്ര ഉറപ്പുകള്‍ നല്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കേസില്‍ കോടതികള്‍ വാദം കേള്‍ക്കാതിരിക്കാനാകില്ല. കോടതി എന്തു ചെയ്യണം, എപ്പോള്‍ ചെയ്യണമെന്ന് നിര്‍ദേശം നല്‍കാന്‍ ആഭ്യന്തരമന്ത്രാലയത്തിന് അധികാരമില്ലെന്നും പരുഷമായ ഭാഷയില്‍ തന്നെ കോടതി വ്യക്തമാക്കി.
അബു സലേമിന്റെ ശിക്ഷ 25 വര്‍ഷത്തില്‍ കവിയില്ലെന്ന് പോര്‍ച്ചുഗല്‍ സര്‍ക്കാരിന് അന്നത്തെ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി നല്‍കിയ ഉറപ്പിന് സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. 2030 നവംബര്‍ 10 ന് അവസാനിക്കുന്ന 25 വര്‍ഷത്തെ കാലാവധിക്ക് ശേഷം ഉറപ്പ് പ്രാബല്യത്തില്‍ വരുമെന്നും ഭല്ല പറഞ്ഞു.
പോര്‍ച്ചുഗലിനോട് പറഞ്ഞ കാലാവധി അവസാനിച്ചെന്നും തിരികെ പോര്‍ച്ചുഗലിലേക്കു പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അബു സലിം ഹര്‍ജി നല്‍കുകയായിരുന്നു. അതേസമയം ഈ വാദം നിലനില്‍ക്കുന്നതല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചുകൊണ്ടിരുന്നത്. 1993 ലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയായിരുന്ന അബു സലിം ഉള്‍പ്പെടെ പ്രതികള്‍ക്ക് 2017 ല്‍ പ്രത്യേക ‘ടാഡ’ കോടതിയായിരുന്നു ശിക്ഷ വിധിച്ചത്