തിരുവനന്തപുരം: കല്യാണത്തിനും പാലുകാച്ചിനുമൊന്നും തോക്കുംപിടിച്ച് കാവൽ നിൽക്കാൻ പണം ഈടാക്കി പൊലീസിനെ വിടരുതെന്ന് എസ്.പിമാർക്ക് ഡി.ജി.പിയുടെ നിർദ്ദേശം.
മറ്റ് ചടങ്ങുകൾക്ക് പൊലീസിനെ ആവശ്യപ്പെട്ടുള്ള അപേക്ഷകളിൽ കരുതലോടെ വേണം തീരുമാനം എടുക്കാൻ. പൊലീസിന്റെ സേവനം എന്തിനെന്നും, ചടങ്ങിന്റെ പ്രാധാന്യവും പങ്കെടുക്കുന്നവരുടെ വിവരങ്ങളും വിലയിരുത്തി മാത്രമേ പൊലീസിനെ അയയ്ക്കാവൂ. പൊലീസിനെ വിടുന്നത് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം.
കണ്ണൂർ പാനൂരിൽ പ്രവാസി വ്യവസായിയുടെ മകളുടെ കല്യാണത്തിന് 1400 രൂപ വാടകയ്ക്ക് പൊലീസിനെ നൽകിയത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
സമ്പന്നർ പൊങ്ങച്ചം കാട്ടാൻ പണം നൽകി തോക്കേന്തിയ പൊലീസുകാരെ വീടുകൾക്ക് മുന്നിൽ കാവൽ നിറുത്തുന്നതിനെതിരേ പൊലീസ് സംഘടനകൾ രംഗത്തെത്തിയിരുന്നു. കളങ്കിത വ്യക്തികൾക്ക് പൊലീസ് സംരക്ഷണം നൽകുന്നതും വിവാദമായി.
രാവിലെ 9മുതൽ വൈകിട്ട് 5വരെ കല്യാണത്തിന് കാവൽ നിൽക്കാൻ ആളൊന്നിന് 1400രൂപ വീതം നാലു പൊലീസുകാർക്ക് 5600രൂപയാണ് കണ്ണൂർ പൊലീസ് ഈടാക്കിയത്. അടുത്തിടെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നടന്ന തൊഴിൽ സമരത്തിന് സുരക്ഷ ഒരുക്കിയതിന് 12 ലക്ഷം രൂപ കോളേജ് മാനേജ്മെന്റ് പൊലീസിൽ അടച്ചിരുന്നു.
പൊലീസ് ആക്ട് സെക്‌ഷൻ 62 (2)പ്രകാരം നിയമപരമല്ലാത്ത ഒന്നിനും പൊലീസിനെ ഉപയോഗിക്കാൻ പാടില്ല. എന്നാൽ പൊലീസിന്റെ സ്ഥലമോ, സാമഗ്രികളോ ഉപയോഗിക്കുന്നതിന് നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവുണ്ട്. എസ്.പിമാർ ഇക്കാര്യത്തിൽ വിവേചനാധികാരത്തോടെ തീരുമാനമെടുക്കണമെന്നാണ് യോഗത്തിൽ ധാരണയായത്.
സിനിമാ ഷൂട്ടിംഗിനും മറ്റും പൊലീസിനെ നൽകുമ്പോൾ റാങ്കനുസരിച്ചാണ് പണം ഈടാക്കുക.
ഷൂട്ടിംഗ് നിരക്ക് ഇങ്ങനെ
സി.ഐ പകൽ 3795, രാത്രി 4750,
എസ്.ഐ പകൽ 2560, രാത്രി 4360
അഡി.എസ്.ഐ പകൽ 1870, രാത്രി 2210
സിവിൽ പൊലീസ് ഓഫീസർക പകൽ 700, രാത്രി 1040
പൊലീസ് നായ ദിവസം 6950 രൂപ.
വയർലെസിന് ദിവസം 2315,
പൊലീസ് സ്റ്റേഷന് -33100 രൂപ.