വാഷിങ്ടൺ: ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും ഇരുരാജ്യങ്ങളും പരസ്പരം സംഘർഷം തുടർന്നതിൽ രോഷാകുലനായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വെടിനിർത്തലിന് പിന്നാലെ ഇസ്രയേൽ തങ്ങളെ ആക്രമിച്ചുവെന്ന് ഇറാനും ഇറാൻ തങ്ങളെ ആക്രമിച്ചുവെന്ന് ഇസ്രയേലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിത്തെറിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
രണ്ടുരാജ്യങ്ങൾ കാലങ്ങളായി പോരടിക്കുകയാണ്. അവരെന്താണ് ചെയ്യുന്നതെന്ന് അവർക്കുതന്നെ അറിയില്ലെന്ന് പറഞ്ഞ ട്രംപ് മാധ്യമങ്ങൾക്കുമുന്നിൽ അസഭ്യവാക്കുകളും പ്രയോഗിച്ചു. നേരത്തെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കൂടി ഇസ്രയേലിനെതിരേ ട്രംപ് രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രയേല്‍ നീക്കം നടത്തുന്നതിനെ ട്രംപ് വിമർശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയും ഇരു രാജ്യങ്ങളും ആക്രമണം തുടരുന്നതിൽ ട്രംപ് അസ്വസ്ഥനായിരുന്നു.
‘ഇസ്രയേല്‍, ആ ബോംബുകള്‍ ഇടരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ അതൊരു വലിയ ലംഘനം (വെടിനിര്‍ത്തല്‍ കരാര്‍) ആകും. പൈലറ്റുമാരെ ഇപ്പോള്‍തന്നെ തിരിച്ചുവിളിക്കൂ’, തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ താന്‍ അസന്തുഷ്ടനാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. കരാര്‍ അംഗീകരിച്ച് ഉടന്‍തന്നെ അതില്‍നിന്ന് പിന്‍വാങ്ങിയതില്‍ ഇസ്രയേലിനോട് അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ 12 ദിവസത്തെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്നും ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.


