ന്യൂയോര്‍ക്ക്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ വിജയപ്രസംഗത്തിലെ വെല്ലുവിളിക്ക് മറുപടി നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച ട്രൂത്ത് സോഷ്യലിലെ ഹ്രസ്വമായ പോസ്റ്റിലൂടെയാണ് മംദാനിക്ക് ട്രംപ് അതേനാണയത്തില്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്. മേയറും റിപ്പബ്ലിക്കന്‍ പ്രസിഡന്റും തമ്മിലുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കമായാണ് ഈ വാക്‌പോര് കണക്കാക്കപ്പെടുന്നത്.
34-കാരനായ മംദാനി തന്റെ വിജയപ്രസംഗത്തിലൂടെ പ്രസിഡന്റിനോട്, താന്‍ പറയുന്നത് വ്യക്തമായി കേട്ടോളൂ എന്ന് നേരിട്ട് വെല്ലുവിളിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ്, ‘എന്നാല്‍ നമുക്ക് തുടങ്ങാം!’ എന്ന് ട്രംപ് തന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ കുറിച്ചത്. ‘ഡൊണാള്‍ഡ് ട്രംപ്, നിങ്ങള്‍ ഇത് കാണുന്നുണ്ടെന്ന് എനിക്കറിയാം, എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്… ശബ്ദം കൂട്ടിവെച്ചോളൂ.’ എന്നാണ് മംദാനി തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.
ട്രംപിന്റെ കുടിയേറ്റ നയങ്ങളെയും സ്വേച്ഛാധിപത്യ പ്രവണതകളെയും നേരിടുന്നതിലായിരിക്കും തന്റെ പ്രധാന ശ്രദ്ധ എന്ന് മംദാനി പ്രതിജ്ഞയെടുത്തപ്പോള്‍, മംദാനിയുടെ നേതൃത്വത്തിന്‍ കീഴില്‍ നഗരത്തിനുള്ള ഫെഡറല്‍ ഫണ്ടിംഗില്‍ കുറവ് വരുത്തിയേക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ഒമ്പത് മാസം മുന്‍പ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍, ഡെമോക്രാറ്റുകള്‍ മൂന്നിടത്തും വിജയം തൂത്തുവാരി. ഇത് അടുത്ത വര്‍ഷത്തെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം പകരുകയും ചെയ്തിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
‘ഡൊണാള്‍ഡ് ട്രംപിനാല്‍ വഞ്ചിക്കപ്പെട്ട ഒരു രാജ്യത്തിന് അദ്ദേഹത്തെ എങ്ങനെ പരാജയപ്പെടുത്താമെന്ന് കാണിച്ചു കൊടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍, അത് അദ്ദേഹത്തിന് ജന്മം നല്‍കിയ ഈ നഗരത്തിനാണ്. ഒരു സ്വേച്ഛാധിപതിയെ ഭയപ്പെടുത്താന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍, അത് അയാള്‍ക്ക് അധികാരം നേടാന്‍ അവസരമൊരുക്കിയ സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നതാണ്. ഇങ്ങനെയാണ് നമ്മള്‍ ട്രംപിനെ തടയുന്നത്. മാത്രമല്ല, അദ്ദേഹത്തിനെ പിന്തുടര്‍ന്ന് എത്തുന്ന അടുത്ത ആളെയും നമ്മള്‍ ഇങ്ങനെ തന്നെ തടയും.’ മംദാനി പറഞ്ഞു.
ട്രംപ് തന്റെ പ്രസിഡന്‍ഷ്യല്‍ അധികാരങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി തിരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് നല്‍കുന്ന കോടിക്കണക്കിന് ഡോളറിന്റെ ഫെഡറല്‍ ഫണ്ടിംഗ് തടഞ്ഞുവെക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.


