ന്യൂയോർക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെ ഇന്ത്യയെ വിമർശിച്ച് ഡോണൾഡ് ട്രംപ്. ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ് എന്നായിരുന്നു ട്രംപിന്റെ പരാമർശം. ട്രംപും ജോ ബൈഡനും തമ്മിൽ നടന്ന സംവാദം അവസാനിച്ചു.
ജയിച്ചാൽ ആദ്യം എന്തു ചെയ്യും എന്ന ചോദ്യത്തിന് ചൈന പ്ലേഗ് പരത്തുന്നതിന് മുമ്പ് അമേരിക്കയെ സജ്ജമാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കൻ സമ്പദ് വ്യവസ്ഥയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാത്തവർക്കും ചെയ്തവർക്കും പ്രതീക്ഷകൾ നൽകുമെന്നായിരുന്നു ബൈഡൻ മറുപടി പറഞ്ഞത്. കെട്ടുകഥകൾക്ക് മേലെ ശാസ്ത്രചിന്തകൾ ഉയർത്തിപ്പിടിക്കുമെന്നും ബൈഡൻ പ്രതികരിച്ചു.
കൊവിഡ് വ്യാപനം തടയാൻ ട്രംപിന് വ്യക്തമായ പദ്ധതിയില്ലെന്നും കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നതെന്നും ജോ ബൈഡൻ സംവാദത്തിൽ ആരോപിച്ചു. ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്സിൻ തയ്യാറാകുമെന്ന് ട്രംപ് പ്രതികരിച്ചു. തന്റെ പദ്ധതികൾ കൃത്യമായ സമയക്രമത്തിൽ നീങ്ങുന്നുണ്ടെന്നാണ് ട്രംപ് വാദിച്ചത്. ഡെമോക്രാറ്റ് ഭരണത്തിൽ ന്യുയോർക് പ്രേതനഗരമായി. ഡെമോക്രാറ്റുകൾ ഭരിക്കുന്ന ഇടങ്ങളിൽ രോഗവ്യാപനം കൂടുതലാണെന്നും ട്രംപ് ആരോപിച്ചു.
നികുതി അടച്ചതിന്റെ രേഖകൾ ട്രംപ് പുറത്തുവിടണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. 2016 മുതൽ ട്രംപ് നികുതി രേഖകൾ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഡോളർ താൻ നികുതി അടയ്ക്കുന്നുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു.