കോഴിക്കോട്: ഭാര്യയെ തല്ലിയെന്നൊരു തെറ്റ് തന്റെ ഭാഗത്തുണ്ടായെന്നും എന്നാൽ സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ (29). സമൂഹമാദ്ധ്യമത്തിൽ ലൈവിൽ വന്ന് സംസാരിക്കുകയായിരുന്നു രാഹുൽ.
‘എന്റെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല. ഇപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണ് ഞാനിപ്പോൾ. നാട്ടിൽ നിൽക്കാത്തതിന് രണ്ട് കാരണമുണ്ട്. എന്നെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോൾ അമ്മയ്ക്കത് കണ്ട് താങ്ങാനാകില്ല. അമ്മ അതുകണ്ട് ചങ്കുപൊട്ടി മരിച്ചുപോകുമോയെന്ന് പേടിച്ചു. പിന്നെ അത്യാവശ്യം ഭീഷണിയും ഉണ്ടായിരുന്നു. കൊണ്ടോട്ടിയിലൊക്കെ ആൾക്കാരുണ്ട് നിന്നെ കാണിച്ചുതരാമെന്നാണ് അവളുടെ ചേട്ടനൊക്കെ ഭീഷണിപ്പെടുത്തിയത്. അങ്ങനെയുള്ള കൈക്രിയകൾക്ക് നിന്നുകൊടുക്കാൻ താത്‌പര്യമില്ലായിരുന്നു.
നിങ്ങൾ എല്ലാവരും ആസ്വദിക്കുന്നത് എന്റെ ജീവിതമാണ്. പത്തുമുപ്പത് കൊല്ലം കൊണ്ട് ഞാൻ കെട്ടിപ്പടുത്ത എന്റെ ജീവിതമാണ് എല്ലാവരും ആസ്വദിക്കുന്നത്. അവളെ തല്ലിയെന്നുള്ള തെറ്റ് ഞാൻ ചെയ്തു. അതിന് എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറായിരുന്നു. എന്നാലത് ഒരിക്കലും സ്ത്രീധനം ചോദിച്ചോ കാർ ചോദിച്ചോ കൊണ്ടായിരുന്നില്ല. ജർമ്മനിയിൽ ജോലി ചെയ്യുന്ന എനിക്കെന്തിനാണ് നാട്ടിലൊരു കാർ? സ്വന്തമായുണ്ടായിരുന്ന ബൈക്ക് വിറ്റാണ് ഞാൻ തിരിച്ച് ഇങ്ങോട്ടേയ്ക്ക് വന്നത്.
എന്റെ വീട്ടിലാർക്കും ഡ്രൈവിംഗ് അറിയില്ല. പിന്നെ അവിടെയൊരു കാർ കൊണ്ടിട്ടിട്ട് എന്താ കാര്യം. കോമൺ സെൻസ് ഇല്ലാത്ത കുറേ ആരോപണങ്ങൾ ആണ് എനിക്കെതിരെ ഉന്നയിക്കുന്നത്. നിങ്ങളുടെ മോളെ തല്ലിയെന്നത് സത്യമാണ്,അത് എവിടെ വേണമെങ്കിലും അംഗീകരിക്കാം, പക്ഷേ സ്ത്രീധനം ചോദിച്ചുവെന്നൊക്കെ പറയുന്നത് എന്താണ്’- രാഹുൽ ലൈവിൽ ചോദിച്ചു.
അതേസമയം, രാഹുൽ രാജ്യം വിട്ടു എന്ന കാര്യത്തിൽ ഇതുവരെ പൊലീസിന്റെ സ്ഥിരീകരണം വന്നിട്ടില്ല. ഇയാളുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടുനിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തിയ പ്രതി ഇവിടെനിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്.
തിങ്കളാഴ്ച രാത്രി എട്ടുവരെ രാഹുല്‍ പന്തീരാങ്കാവിലുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം പന്തീരാങ്കാവിലെ രാഹുലിന്റെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കും കസ്റ്റഡിയിലെടുത്തു. കേസില്‍ രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴിയും രേഖപ്പെടുത്തും. സംഭവത്തില്‍ വീഴ്ച വരുത്തിയ പന്തീരാങ്കാവ് എസ്എച്ച്ഒയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രതി ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നുവെന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ലുക്കൗട്ട് നോട്ടിസ് ഇറക്കുമെന്ന് അറിഞ്ഞാണ് രാഹുൽ രക്ഷപ്പെട്ടത്. പൊലീസിന്റെ സഹായത്തോടെയാണ് രാഹുൽ രക്ഷപ്പെട്ടതെന്നും ഇവർ ആരോപിച്ചിരുന്നു.