കൊല്ലം: കൊല്ലം നീണ്ടകരയില്‍ കുതിച്ചുചാടി നീന്തിത്തുടിക്കുന്ന ഡോള്‍ഫിന്‍ കൂട്ടങ്ങള്‍ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു. ഇവയുടെ മുട്ടിയുരുമിയുള്ള ആനന്ദനൃത്തം ആസ്വദിക്കാന്‍ നീണ്ടകര പാലത്തില്‍ സന്ദര്‍ശക തിരക്കേറുകയാണ്. നീലയും വെള്ളയും ചേര്‍ന്ന നിറത്തിലുള്ള ഡോള്‍ഫിനുകളാണ് നിത്യവും എത്തുന്നത്. രാവിലെ പത്തുമണി മുതല്‍ ഒറ്റയാന്‍മാരായി വന്നുതുടങ്ങും. ഉച്ചയാകുമ്പോള്‍ കൂട്ടത്തോടെയാണ് വരവ്.
സൂര്യന്റെ ശക്തമായ ചൂട് കടലില്‍ പതിക്കുമ്പോള്‍ നിരനിരയായി പാലത്തിന്റെ തണലില്‍ ചേക്കേറും. അഷ്ടമുടി കായലിന്റെയും അറബിക്കടലിന്റെയും സംഗമസ്ഥലം കൂടിയാണ് നീണ്ടകര പാലത്തിനോടടുത്തുള്ള ഭാഗം. കായലില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തെളിഞ്ഞുകാണാവുന്ന സമയം കൂടിയാണിത്. അത് ഭക്ഷണമാക്കാന്‍ കൂടിയാണ് ഇവ വരുന്നതെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നു. ചെറിയ മത്സ്യങ്ങളെയും ഭക്ഷണമാക്കാറുണ്ട്.
20 മുതല്‍ 100 കിലോയോളം തൂക്കമുള്ള ഡോള്‍ഫിനുകളും കൂട്ടത്തിലുണ്ടാകും. മത്സ്യബന്ധന യാനങ്ങളോ യന്ത്രവത്കൃത ബോട്ടുകളോ വന്നാല്‍ ഞൊടിയിടയില്‍ നീന്തിമാറുന്നവ നിമിഷങ്ങള്‍ക്കുള്ളില്‍ അതേ സ്ഥലത്ത് തിരിച്ചെത്തും. ഡോള്‍ഫിനുകള്‍ എത്തുന്ന സ്ഥലങ്ങളില്‍ മറ്റ് വലിയ മീനുകള്‍ ഏറെനേരം ഉണ്ടാവില്ലെന്ന് ബോട്ട് ഓപ്പറേറ്റര്‍മാരും മത്സ്യത്തൊഴിലാളികളും പറയുന്നു. ഡോള്‍ഫിനുകള്‍ വലയില്‍ കുരുങ്ങുന്നതും അത്യപൂര്‍വമാണ്. കുരുങ്ങിയാല്‍ വലമുറിച്ച് രക്ഷപ്പെടുകയും ചെയ്യും.