ചാറ്റ് ജിപിടിയുമായി ഇക്കാര്യങ്ങള്‍ ചെയ്യുന്നത്‌ അപകടകരം; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി ഓള്‍ട്ട്മാന്‍

ചാറ്റ് ജിപിടി അപകടകരം, അടുപ്പം കാണിക്കരുത് ! യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി ഓള്‍ട്ട്മാന്‍

വാഷിംഗ്ടണ്‍: തീരുമാനങ്ങളെടുക്കുന്നതില്‍ ചാറ്റ് ജിപിടിയെ അമിതമായി ആശ്രയിക്കരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. ഫെഡറല്‍ റിസര്‍വ് സംഘടിപ്പിച്ച ഒരു ബാങ്കിങ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകള്‍ ചാറ്റ് ജിപിടിയെ അമിതമായി ആശ്രയിക്കുകയാണ്. ‘ചാറ്റ് ജിപിടിയോട് സംഭവിക്കുന്നതെല്ലാം പറയാതെ ജീവിതത്തില്‍ ഒരു തീരുമാനമെടുക്കാന്‍ എനിക്ക് സാധിക്കുന്നില്ല. അതിന് എന്നെ അറിയാം. എന്റെ സുഹൃത്തുക്കളെ അറിയാം. അത് പറയുന്ന എന്തും ഞാന്‍ ചെയ്യും’ എന്നെല്ലാം പറയുന്ന യുവാക്കളുണ്ട്. അത് എനിക്ക് വളരെ മോശമായാണ് തോന്നുന്നത് – സാം ഓള്‍ട്ട്മാന്‍ പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ ചാറ്റ് ജിപിടിയെ ഇങ്ങനെ അമിതമായി ആശ്രയിക്കുന്നത് സാധാരണമാണെന്നും ഇതില്‍ എന്ത് ചെയ്യാനാകുമെന്ന് മനസിലാക്കാനുള്ള ശ്രമത്തിലാണ് ഓപ്പണ്‍ എഐ എന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു.

ഒരു മനുഷ്യ തെറാപിസ്റ്റിനേക്കാള്‍ മികച്ച ഉപദേശം ചാറ്റ് ജിപിടി നല്‍കിയാല്‍ പോലും എഐ പറയുന്ന രീതിയില്‍ നമ്മുടെ ജീവിതം മുന്നോട്ട് നയിക്കാന്‍ തീരുമാനിക്കുകയെന്നത് മോശവും അപകടകരവുമാണ്. ഓള്‍ട്ട്മാന്‍ പറഞ്ഞു.

ഓരോ പ്രായത്തിലുള്ളവരും എങ്ങനെയാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നതെന്ന് ഓള്‍ട്ട്മാന്‍ ഈ വര്‍ഷം ആദ്യം വെളിപ്പെടുത്തിയിരുന്നു. പ്രായമുള്ളവര്‍ ചാറ്റ് ജിപിടിയെ ഗൂഗിളിന് പകരമായാണ് കാണുന്നത്. 20 കളിലും 30 കളിലുമുള്ളവര്‍ ഒരു ഉപദേശകനായും മറ്റും ചാറ്റ് ജിപിടിയെ കാണുന്നു. കോളേജ് വിദ്യാര്‍ഥികള്‍ ഒരു ഓപ്പറേറ്റിങ് സിസ്റ്റം പോലെയാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ കോമണ്‍ സെന്‍സ് മീഡിയ നടത്തിയ സര്‍വേയില്‍ 13 നും 17 നും ഇടയ്ക്ക് പ്രായമുള്ളവരില്‍ 50 ശതമാനം പേര്‍ ഒരു മാസം കുറച്ച് നേരമെങ്കിലും ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. അതില്‍ പകുതി പേരും എഐ നല്‍കുന്ന വിവരങ്ങളും ഉപദേശവും വിശ്വസിക്കുന്നവരാണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News