ലക്‌നൗ: മുഷ്യരോട് ഏറ്റവും കൂടുതല്‍ അടുക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മൃഗമാണ് നായ. പല തവണ അതിനുള്ള ഉദാഹരണങ്ങള്‍ സമൂഹത്തില്‍ കാണാറുമുണ്ട്. യജമാന സ്‌നേഹവും വളര്‍ത്തു സ്‌നേഹവുമെല്ലാം നായയില്‍ ഓരോര്‍ത്തര്‍ക്കും കാണാന്‍ സാധിക്കും. അത്തരത്തില്‍ ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ നടന്നത്.
പന്ത്രണ്ടുവര്‍ഷം മുമ്പ് അതീവഗുരുതരാവസ്ഥയില്‍ പുഴുക്കള്‍ അരിച്ചനിലയില്‍ കണ്ടെത്തിയ തന്നെ എടുത്തു വളര്‍ത്തിയ ഉടമസ്ഥ മരിച്ചതില്‍ മനംനൊന്ത് നായ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ചത്തു. ഡോ. അനിത രാജ് സിങ്ങാണ് നായയെ തെരുവില്‍ നിന്നും കിട്ടിയ നായയെ മാലിക്പുരത്തെ തന്റെ വീട്ടിലെത്തിച്ച് പരിപാലിച്ച് പൂര്‍ണ ആരോഗ്യത്തിലേക്കു തിരിച്ചെത്തിച്ചത്.
തുടര്‍ന്ന് നായയെ ജയ എന്നുപേരിട്ട് അവര്‍ ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു. എന്നാല്‍ പിന്നീട് വൃക്ക രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി അനിത ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം അവസ്ഥ ഗുരുതരമായതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജയ ഭക്ഷണം പോലും കഴിക്കാറുണ്ടായിരുന്നില്ലെന്ന് അനിതയുടെ മകന്‍ തേജസ് പറഞ്ഞു. എന്നാല്‍ ബുധനാഴ്ച അനിത മരണത്തിന് കീഴടങ്ങി.
തുടര്‍ന്ന് അനിതയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ജയ വല്ലാതെ കുരയ്ക്കുകയും അസ്വസ്ഥത കാട്ടുകയും ചെയ്തു. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍നിന്ന് ജയ താഴേക്കു ചാടുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ ജയ മരിച്ചു.