29.1 C
Kottayam
Saturday, May 4, 2024

നാല് കുത്തിവയ്പ്പെടുത്തിട്ടും പേവിഷ ബാധ, നായ കടിച്ച മറ്റു രണ്ടു പേർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല, ശ്രീലക്ഷ്മിയുടെ മരണത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

Must read

പാലക്കാട്: ആരോഗ്യ വകുപ്പ നിര്‍ദ്ദേശിച്ച നാല് ഇഞ്ചക്ഷന്‍ എടുത്തിട്ടും, പാലക്കാട് പെണ്‍കുട്ടി പേവിഷബാധയേറ്റ് മരിച്ച സംഭവം നാട്ടുകാരെ ആശങ്കയിലാക്കി.

അയല്‍വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മങ്കര മഞ്ഞക്കര പടിഞ്ഞാറക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (19)യാണ് മരിച്ചത്.

മെയ്‌ 30-ന് രാവിലെ കോളേജിലേക്ക് പോകുമ്ബോഴാണ് ശ്രീലക്ഷ്മിക്ക് അയല്‍ വീട്ടിലെ നായയുടെ കടിയേറ്റത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച മുഴുവന്‍ വാക്സിനുകളും എടുത്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. നായയുള്ള വീട്ടിലെ അയല്‍വാസിയായ വയോധികക്കും അന്ന് രണ്ടു തവണ കടിയേറ്റിരുന്നു. ഇവര്‍ക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല.

”ആദ്യത്തെ വാക്‌സിന്‍ എടുത്തത് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ്. ബാക്കിയുള്ള മൂന്ന് ഡോസുകളില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്നും ഒരെണ്ണം വള്ളുവനാട് ആശുപത്രിയില്‍നിന്നുമായിരുന്നു”, ബന്ധുക്കള്‍ പറഞ്ഞു.

”ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചതു പ്രകാരമുള്ള വാക്‌സിനേഷന്‍ കഴിഞ്ഞതാണ്. എന്നിട്ടും കുട്ടി മരിച്ചതില്‍ നാട്ടുകാര്‍ ദുഃഖിതരും ആശങ്കാകുലരുമാണ്”. ഇതേ നായ പരിസരത്തുള്ള ഒന്നു, രണ്ട് വ്യക്തികളെ കൂടി കടിച്ചിരുന്നതായും പറയുന്നു.

രണ്ടുദിവസം മുന്‍പാണ് ശ്രീലക്ഷ്മിക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഉടന്‍ തന്നെ മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സതേടിയെങ്കിലും വ്യാഴാഴ്ച മരണപ്പെടുകയായിരുന്നു. ശ്രീലക്ഷ്മി കോയമ്ബത്തൂര്‍ നെഹ്റു കോളേജിലെ ബി.സി.എ വിദ്യാര്‍ത്ഥിനി ആയിരുന്നു. അമ്മ: സിന്ധു, സഹോദരങ്ങള്‍: സിദ്ധാര്‍ത്ഥ്, സനത്. അച്ഛന്‍ സുഗുണന്‍ ബെംഗളൂരുവില്‍ എന്‍ജീനിയറാണ്. സംസ്‌കാരം ഐവര്‍മഠത്തില്‍ നടന്നു.

സംഭവം അന്വേഷിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

പാലക്കാട് പേ വിഷബാധയേറ്റ് 19 വയസുകാരി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ച്‌ വിശദമായ അന്വേഷണം നടത്തുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week